മോദിക്ക് വോട്ട് ചെയ്‌ത് രാജ്യത്തെ രക്ഷിക്കൂ; ‘പ്രചാരണം നടത്തിയ നായ’ പൊലീസ് കസ്‌റ്റഡിയില്‍
തിങ്കള്‍, 29 ഏപ്രില്‍ 2019 (20:26 IST)
ബിജെപിക്ക് വോട്ട് ചെയ്യണമെന്ന പോസ്‌റ്ററുമായി തെരഞ്ഞെടുപ്പ് ദിനത്തില്‍ പോളിംഗ് ബൂത്തിലെത്തിയ നായ കസ്‌റ്റഡിയില്‍. നായയുടെ ഉടമസ്ഥന്‍ ഏക്‌നാഥ് മോത്തിറാം ചൗധരിക്കെതിരെയും പൊലീസ് കേസെടുത്തു.
വടക്കന്‍ മഹാരാഷ്ട്രയിലെ നന്ദൂര്‍ബര്‍ ടൗണിലെ ബൂത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബിജെപി ചിഹ്നവും മോദിക്ക് വോട്ട് ചെയ്യൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവും എഴുതി ചേര്‍ത്ത പോസ്‌റ്റര്‍ നായയുടെ ശരീരത്തില്‍ ഒട്ടിച്ചുവച്ച അവസ്ഥയിലായിരുന്നു.
മോത്തിറാം വോട്ട് രേഖപ്പെടുത്താന്‍ ബൂത്തിലേക്ക് പോയപ്പോള്‍ നായ പരിസരങ്ങളിലൂടെയും വോട്ട് ചെയ്യാന്‍ എത്തിയവരുടെ ഇടയിലൂടെയും ഓടിനടന്നു. ഇത് ശ്രദ്ധയില്‍ പെട്ട ഒരാള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നായയെ കസ്‌റ്റഡിയില്‍ എടുക്കുകയും തെരഞ്ഞെടുപ്പ് ദിവസം പ്രചാരണം നടത്തിയെന്ന കേസ് മോത്തിറാമിന്റെ പേരില്‍ രജിസ്‌റ്റര്‍ ചെയ്യുകയുമായിരുന്നു. ഐപിസി സെക്ഷന്‍ 171 എ പ്രകാരം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നാണ് കേസ്.