ഭാര്യയുടെ പേര് യശോദ ബെൻ, വേറൊന്നും അറിയില്ല: നരേന്ദ്ര മോദി

ഞായര്‍, 28 ഏപ്രില്‍ 2019 (11:07 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നിന്നും മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കുടുംബത്തിന്റെ വിവരങ്ങളുടെ കൂട്ടത്തില്‍ ഭാര്യയുടെ പേരും ഉൾപ്പെടുത്തിയിരുന്നു. 
 
അതേസമയം, 2014ല്‍ ജംഗമസ്വത്ത് 65.91 ലക്ഷം രൂപയായിരുന്നെന്നും 2019ല്‍ മൊത്തം 2.51 കോടിയുടെ ആസ്തിയുണ്ടെന്നും സത്യവാങ്മൂലത്തില്‍ മോദി പറയുന്നു. യശോദ ബെന്‍ ഭാര്യയാണെന്നും എന്നാല്‍ അവര്‍ എവിടെയാണെന്നോ എന്ത് ചെയ്യുകയാണെന്നോ അറിയില്ലെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. 
 
യശോദ ബെന്നിന്റെ പാന്‍ നമ്പരോ, ആദായ നികുതി അടച്ചതിന്റെ രേഖകളോ ചേര്‍ത്തിട്ടില്ല. ഭാര്യയുടെ ഉടമസ്ഥതയില്‍ ഭൂമിയോ, നിക്ഷേപങ്ങളോ, കെട്ടിടങ്ങളോ എന്തെങ്കിലും ഉണ്ടോയെന്ന് അറിയില്ലെന്നും മോദി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
 
എന്നാല്‍, സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് പുറത്തായതോടെ മോദിയെ പരിഹസിച്ച് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഭാര്യയെക്കുറിച്ച് മിണ്ടാത്ത ഏക പ്രധാനമന്ത്രി മോദിയായിരിക്കുമെന്നാണ് പ്രധാന വിമര്‍ശനം. കാരണം കുട്ടിക്കാലത്തെക്കുറിച്ചും അമ്മയെക്കുറിച്ചും അഭിമുഖങ്ങളില്‍ വാതോരാതെ സംസാരിക്കുന്ന മോദി ഭാര്യയെക്കുറിച്ച് ഒരിക്കല്‍ പോലും മിണ്ടിയിട്ടില്ലായിരുന്നു.
 
മോദി വിവാഹിതനാണ് എന്ന വിവരം ഏറെക്കാലം രഹസ്യമായിരുന്നു. ആദ്യമായി കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ കൂട്ടത്തില്‍ ഭാര്യയുടെ പേര് മോദി എഴുതിച്ചേര്‍ത്തത് വഡോദരയില്‍ സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ ആയിരുന്നു. അതിന് മുന്‍പ് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ഭാര്യയുടെ പേരെഴുതേണ്ട കോളം ഒഴിച്ചിടുകയായിരുന്നു പതിവ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍