Priyanka Gandhi: രാഹുലിന്റെ അസാന്നിധ്യം ഞാന്‍ അറിയിക്കില്ല; വയനാട്ടുകാരോട് പ്രിയങ്ക

രേണുക വേണു
ചൊവ്വ, 18 ജൂണ്‍ 2024 (08:49 IST)
Priyanka Gandhi: രാഹുല്‍ ഗാന്ധി ഒഴിയുന്ന സാഹചര്യത്തില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തുഷ്ടയെന്ന് പ്രിയങ്ക ഗാന്ധി. രാഹുലിന്റെ അസാന്നിധ്യം വയനാട്ടുകാരെ അറിയിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു. ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിയങ്ക ജൂലൈയില്‍ വയനാട് മണ്ഡലം സന്ദര്‍ശിക്കും. രാഹുലിനൊപ്പമാണ് പ്രിയങ്ക വയനാട്ടില്‍ എത്തുക. 
 
' വയനാട് മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കുന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. രാഹുലിന്റെ അസാന്നിധ്യം ഞാന്‍ അവരെ അറിയിക്കില്ല. മികച്ച ജനപ്രതിനിധി ആയിരിക്കാനും വയനാട്ടുകാരെ സന്തോഷിപ്പിക്കാനും ഞാന്‍ പരിശ്രമിക്കും,' പ്രിയങ്ക പറഞ്ഞു. 
 
ഉത്തര്‍പ്രദേശിലെ റായ് ബറേലി സീറ്റ് നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് രാഹുല്‍ വയനാട് ഒഴിഞ്ഞത്. രണ്ട് സീറ്റില്‍ നിന്ന് ജയിച്ചതിനാല്‍ ഏതെങ്കിലും ഒരു സീറ്റ് രാഹുല്‍ ഒഴിയണം. ഇക്കാര്യം തീരുമാനിക്കുന്നതിനുള്ള അവസാന തിയതി ജൂണ്‍ 18 ആണ്. ഈ സാഹചര്യത്തിലാണ് എഐസിസി നേതൃത്വം യോഗം ചേര്‍ന്ന് പ്രിയങ്കയെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. 
 
' നിയമപ്രകാരം ഒരു സീറ്റ് രാഹുല്‍ ഒഴിയണം. റായ് ബറേലി സീറ്റ് രാഹുല്‍ നിലനിര്‍ത്തണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഗാന്ധി കുടുംബത്തിനു ഏറെ അടുപ്പമുള്ള മണ്ഡലമാണ് റായ് ബറേലി. വയനാട്ടിലെ വോട്ടര്‍മാരുടെ സ്നേഹവും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പക്ഷേ വയനാട്ടില്‍ തുടരാന്‍ നിയമം അനുവദിക്കുന്നില്ല. ഒട്ടേറെ ചര്‍ച്ചകള്‍ക്കു ശേഷം വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. പ്രിയങ്കയും ഇക്കാര്യത്തില്‍ സമ്മതം അറിയിച്ചിട്ടുണ്ട്,' കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article