പുനെ ഇന്‍ഫോപാര്‍ക്കില്‍ ഒരു മരണം കൂടി; ടിസിഎസ് ജീവനക്കാരന്‍ തൂങ്ങിമരിച്ചു

Webdunia
ശനി, 4 ഫെബ്രുവരി 2017 (11:58 IST)
പുനെ ഇന്‍ഫോപാര്‍ക്കില്‍ ഒരു ജീവനക്കാരന്‍ കൂടി മരിച്ചു. ഹിന്‍ജെവാഡെ രാജീവ് ഗാന്ധി ഇന്‍ഫോടെക്‌പാര്‍ക്കിലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് ജീവനക്കാരനായ അഭിഷേക് കുമാര്‍ ആണ് ഫ്ലാറ്റിലെ ഫാനില്‍ തൂങ്ങി മരിച്ചത്. 23 വയസ്സ് ആയിരുന്നു.
 
കാണ്‍പുര്‍ സ്വദേശിയായ അഭിഷേക് സോഫ്‌റ്റ്‌വേര്‍ എഞ്ചിനിയര്‍ ആണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. കൂട്ടുകാരോടൊപ്പം സംസാരിച്ചിരിക്കുന്നതിനിടെ ഉറങ്ങണമെന്ന് പറഞ്ഞ് പോയ അഭിഷേക് റൂമില്‍ കയറി കതക് അടയ്ക്കുകയായിരുന്നു. കുറച്ചു സമയത്തിനു ശേഷം ഇവരുടെ മറ്റൊരു സുഹൃത്ത് ഫോണില്‍ വിളിച്ച് അഭിഷേക് ആത്മഹത്യ ചെയ്തുവെന്ന് അറിയിക്കുകയായിരുന്നു.
 
സംഭവം അറിഞ്ഞ ഉടന്‍ തന്നെ ജനവാതിലിലൂടെ നോക്കിയ സുഹൃത്തുക്കള്‍ കണ്ടതി ഫാനില്‍ തൂങ്ങി നില്‍ക്കുന്ന അഭിഷേകിനെയാണ്. പെട്ടെന്നു തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
പൊലീസ് സുഹൃത്തുക്കളുടെ മൊഴിയെടുത്തു വരികയാണ്. അഭിഷേക് ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് ആത്മഹത്യകുറിപ്പോ ഫോട്ടോയോ അയച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ആത്മഹത്യകുറിപ്പൊന്നും സംഭവസ്ഥലത്തു നിന്ന് ലഭിച്ചിട്ടില്ല. അഭിഷേകിന്റെ ഫോണ്‍ പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം ഇൻഫോസിസ്​ ജീവനക്കാരിയും കോഴിക്കോട്​ സ്വദേശിയുമായ രസിലയെന്ന യുവതി കൊല്ലപ്പെട്ടിരുന്നു.
Next Article