മുത്തലാഖ് നിരോധന ബില്‍ ഇന്ന് ലോക്‌സഭയില്‍

Webdunia
വ്യാഴം, 28 ഡിസം‌ബര്‍ 2017 (07:38 IST)
മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള ബില്ല് വ്യാഴാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കും. ബില്‍ നടപ്പുസമ്മേളനത്തില്‍ പാസാക്കാന്‍ സാധ്യതയില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്കും പരിശോധനയ്ക്കുമായി അത് പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിടുമെന്നാണ് റിപ്പോര്‍ട്ട്. 
 
അതേസമയം ഡിസം‌ബര്‍ 22 വെള്ളിയാഴ്ച മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള ബില്ല് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെയാണ് കരടു തയാറാക്കിയതെന്നാണ് പ്രതിപക്ഷത്തിന്‍റെ വാദം.
 
മുസ‌്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന പേരിലാണു പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. മൂന്നു തലാഖുകളും ഒറ്റത്തവണചൊല്ലി വിവാഹ മോചനം തേടുന്ന രീതിയാണ് മുത്തലാഖ്. മുത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നുവര്‍ഷംവരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. 
 
അതേസമയം മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ബില്ലിനെ എതിര്‍ത്ത് വിവിധ സ്ത്രീ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ബില്ലുകള്‍ നിയമമാക്കുന്നതിന് മുന്‍പ് നന്നായി ആലോചിക്കണമെന്നും അവര്‍ വ്യക്തമാക്കി. ശേഷം മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള ബില്ലിനെതിരെ മുസ്‌ലിം ലീഗ് രംഗത്ത് വന്നു. ബില്ലിലെ വ്യവസ്ഥയില്‍ വൈരുധ്യമുണ്ടെന്നും  ഡല്‍ഹിയില്‍ ചേരുന്ന ദേശീയ കൗണ്‍സിലില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article