പ്രസംഗങ്ങളിൽ ചരിത്രപരമായ കാര്യങ്ങൾ വളച്ചൊടിക്കുന്നുവെന്ന പഴി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പണ്ടുമുതലേ ഉള്ളതാണ്. ഇത്തവണ മോദി കുടുങ്ങിയത് കവിയും പണ്ഡിതനുമായ കബീർദാസിന്റെ ജീവിതകാലത്തെപ്പറ്റിയുള്ള പരാമർശത്തിലാണ്. കബീർദാസിന്റെ അഞ്ഞൂറാം ചരമവാർഷികദിനത്തിൽ മോദി നടത്തിയ പ്രസംഗത്തിലാണു വിമർശകരും ചരിത്രകാരന്മാരും ചരിത്രപരമായ തെറ്റുകൾ കണ്ടെത്തിയത്.
പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കബീർ ദാസ്, ജന്മസ്ഥലമായ മഗ്‌ഹറിൽ നടത്തിയ പ്രസംഗത്തിൽ ഗുരു നാനാക്ക്, ബാബാ ഗോരക്‌നാഥ് എന്നിവർക്കൊപ്പം കബീർ ആത്‌മീയ കാര്യങ്ങൾ സംസാരിച്ചിരുന്നുവെന്നാണ് മോദി പറഞ്ഞത്. ഗോരക്‌നാഥ് പതിനൊന്നാം നൂറ്റാണ്ടിലും ഗുരു നാനാക്ക് കബീർ ദാസിന് ശേഷവുമാണ് ജീവിച്ചതെന്ന് ചരിത്രം പറയുന്നു.
വിവിധ കാലഘട്ടത്തിൽ ജീവിച്ച ഇവർ മൂന്നുപേരും എങ്ങനെയാണ് ഒരുമിച്ച് ആത്‌മീയ ചർച്ച നടത്തുക എന്നതാണ് വിമർശകരുടെ ചോദ്യം. പ്രസംഗത്തിൽ ചരിത്രം ഉൾപ്പെടുത്തണമെന്ന് മോദിക്ക് നിർബന്ധമാണെങ്കിൽ പ്രസംഗത്തിന് മുമ്പ് വസ്‌തുതകൾ പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്ന് മുതിർന്ന ആർജെഡി നേതാവ് ശിവാനന്ദ് തിവാരി പറഞ്ഞു.