ഹൂതികളെ പിന്തുണയ്ക്കാനാണ് തീരുമാനമെങ്കിൽ പ്രത്യാഘാതമുണ്ടാകും, ഇറാന് മുന്നറിയിപ്പുമായി യു എസ് പ്രതിരോധ സെക്രട്ടറി

അഭിറാം മനോഹർ

വ്യാഴം, 1 മെയ് 2025 (20:47 IST)
യെമനില്‍ ഹൂതികളെ പിന്തുണയ്ക്കുന്നതില്‍ ഇറാന്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ മുന്നറിയിപ്പ്. ഇറാനും യുഎസും തമ്മില്‍ ആണവകരാര്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് യു എസ് മുന്നറിയിപ്പുമായി രംഗത്ത് വന്നത്.
 
ഹൂതികള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണയെ പറ്റി ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. അതുപോലെ യു എസ് സൈന്യത്തിന് എന്തെല്ലാം സാധിക്കുമെന്നും നിങ്ങള്‍ക്കറിയാം. നിങ്ങള്‍ക്ക് മുന്നറിയിപ്പ് തന്നിരുന്നതാണ്. ഞങ്ങള്‍ തീരുമാനിക്കുന്ന സ്ഥലത്തും സമയത്തും നിങ്ങള്‍ പ്രത്യാഘാതം നേരിടേണ്ടി വരും. പീറ്റ് ഹെഗ്‌സെത് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
 
 ഹൂതികള്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അടുത്തിടെ ഇറാന്‍ വ്യക്തമാക്കിയിരുന്നു. ചെങ്കടലില്‍ കപ്പിലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം ശക്തമാക്കിയതിനെ തുടര്‍ന്ന് യു എസ് സേന ഹൂതി കേന്ദ്രങ്ങള്‍ക്കെതിരെ വ്യോമാക്രമണം ആരംഭിച്ചിരുന്നു. ഇതിനകം തന്നെ ഹൂതികളുടെ ആയിരത്തിലേറെ കേന്ദ്രങ്ങളില്‍ യു എസ് വ്യോമാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍