Israel Gaza Attack: കരമാർഗം ഭക്ഷണമെത്തുന്നത് ഇസ്രായേൽ തടയുന്നു, ഗാസയിലെ പട്ടിണിമരണങ്ങൾ 200 കടന്നു

അഭിറാം മനോഹർ

ഞായര്‍, 10 ഓഗസ്റ്റ് 2025 (15:34 IST)
Gaza Hunger Deaths
ഇസ്രായേല്‍ സൈനികനീക്കം തുടരുന്നതിനിടെ ഗാസയിലെ പട്ടിണിമരണങ്ങള്‍ 212 ആയി ഉയര്‍ന്നു. ഇന്നലെ വ്യോമമാര്‍ഗം ഭക്ഷണവസ്തുക്കള്‍ വിതരണം ചെയ്യുന്നത് ശേഖരിക്കാനെത്തിയ 15കാരന്‍ പാലറ്റ് ശരീരത്തില്‍ വീണതിനെ തുടര്‍ന്ന് മരണപ്പെട്ടു.മുഹന്നദ് സക്കറിയ എന്ന 15കാരനാണ് ഭക്ഷണമടങ്ങിയ പെട്ടി ശരീരത്തില്‍ വീണതിനെ തുടര്‍ന്ന് മരണപ്പെട്ടത്. നേരത്തെ കരമാര്‍ഗമുള്ള ഭക്ഷണവിതരണം ഇസ്രായേല്‍ തടസ്സപ്പെടുത്തിയിരുന്നു.
 
 കരമാര്‍ഗമുള്ള ഭക്ഷണവിതരണം ഇസ്രായേല്‍ തടഞ്ഞതോടെ വിവിധ അറബ് രാജ്യങ്ങള്‍ വ്യോമമാര്‍ഗം വഴിയാണ് ഗാസയില്‍ ഭക്ഷണമെത്തിക്കുന്നത്. ഇത് അപകടകരമായതും കാര്യക്ഷമമല്ലാത്തതും അതേസമയം ചെലവേറിയതുമാണ്. ഈ സാഹചര്യത്തില്‍ ഇതിനെ പറ്റി ഐക്യരാഷ്ട്രസഭ ഉള്‍പ്പടെ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ കണക്കുകള്‍ പ്രകാരം 98 കുട്ടികള്‍ ഉള്‍പ്പടെ 212 പേരാണ് ഗാസയില്‍ പട്ടിണിയെ തുടര്‍ന്ന് മരിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ മെയ് മുതലാണ് പട്ടിണി മരണങ്ങളുടെ എണ്ണം കുത്തനെ ഉയര്‍ന്നത്. മേഖലയിലെ സഹായവിതരണങ്ങള്‍ക്ക് ഇസ്രായേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണിത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍