ഛത്തീസ്ഗഢില്‍ ബിജെപി സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിലും തൃശൂരിലെ വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ടും മാധ്യമങ്ങള്‍ സുരേഷ് ഗോപിയുടെ പ്രതികരണം ആരാഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും സുരേഷ് ഗോപി പ്രതികരിച്ചില്ല. അവസാനം 'ഇത്രത്തോളം സഹായിച്ചതിനു നന്ദി' എന്നു പറഞ്ഞ് സുരേഷ് ഗോപി കാറില്‍ കയറി.
അതേസമയം വോട്ട് ക്രമക്കേടില്‍ സുരേഷ് ഗോപിക്കെതിരെ അന്വേഷണം നടക്കും. രണ്ടാഴ്ചക്കുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. തൃശൂര്‍ എസിപി സലീഷ് എന്‍ ചന്ദ്രനാണ് അന്വേഷണച്ചുമതല. വ്യാജമായ രേഖകള്‍ ചമച്ച് വോട്ട് ചേര്‍ത്തതടക്കമുള്ളവ അന്വേഷണ പരിധിയില്‍ ഉണ്ട്. തുടര്‍ നടപടികള്‍ക്ക് മുന്നോടിയായി വിശദമായ നിയമോപദേശവും തേടും. ജില്ലാ ഭരണാധികാരി കൂടിയായ കലക്ടറുടെ നിര്‍ദേശവും പൊലീസ് തേടും. കെപിസിസി രാഷ്ട്രീയ കാര്യാ സമിതി അംഗവും മുന്‍ എംപിയുമായ ടി.എന്‍.പ്രതാപന്‍ നല്‍കിയ പരാതിയില്‍ ആണ് പൊലീസ് അന്വേഷണം.