തൃശൂരിലെ വോട്ട് അട്ടിമറി; സുരേഷ് ഗോപിക്കെതിരെ അന്വേഷണം

രേണുക വേണു

ചൊവ്വ, 12 ഓഗസ്റ്റ് 2025 (14:23 IST)
Suresh Gopi

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ട് അട്ടിമറി ആരോപണവുമായി ബന്ധപ്പെട്ട് എംപി സുരേഷ് ഗോപിക്കെതിരെ അന്വേഷണം. കെപിസിസി രാഷ്ട്രീയ കാര്യാ സമിതി അംഗവും മുന്‍ എംപിയുമായ ടി.എന്‍.പ്രതാപന്‍ നല്‍കിയ പരാതിയില്‍ ആണ് പൊലീസ് അന്വേഷണം. തൃശൂര്‍ എസിപിക്ക് ആണ് അന്വേഷണ ചുമതല. 
 
വ്യാജരേഖ ചമച്ചതടക്കം ഉള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ ഉണ്ട്. വിഷയത്തില്‍ വിശദമായ നിയമപദേശവും തേടും. ജില്ലാ ഭരണാധികാരി കൂടിയായ കലക്ടറോടു പൊലീസ് നിര്‍ദേശം തേടും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റി ചേര്‍ത്തത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന് കാണിച്ചാണ് പ്രതാപന്‍ പൊലീസില്‍ പരാതി നല്‍കിയത്. തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവന ഉള്‍പ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാര്‍ഗ്ഗത്തിലൂടെയാണ് തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ വോട്ട് ചേര്‍ത്തതെന്ന് പരാതിയില്‍ പറയുന്നു.
 
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് അട്ടിമറി ആരോപണത്തിനു പിന്നാലെയാണ് തൃശൂരിലെ സുരേഷ് ഗോപിയുടെ ജയവും സംശയനിഴലില്‍ ആയിരിക്കുന്നത്. മറ്റു ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നുള്ള ആളുകളെ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ വേണ്ടി തൃശൂരിലേക്ക് എത്തിക്കുകയും വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ആരോപണം. ഈ ആരോപണത്തെ ശരിവയ്ക്കുന്ന തെളിവുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. 
 
തൃശൂര്‍ പൂങ്കുന്നം ക്യാപിറ്റല്‍ വില്ലേജ് അപാര്‍ട്മെന്റിലെ നാല് സി ഫ്ളാറ്റില്‍ വോട്ട് ക്രമക്കേട് നടന്നതായി താമസക്കാരി കൂടിയായ പ്രസന്ന അശോകന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഫ്ളാറ്റില്‍ പ്രസന്നയ്ക്ക് മാത്രമാണ് വോട്ട് ഉള്ളത്. എന്നാല്‍ ബൂത്ത് നമ്പര്‍ 30 ന്റെ വോട്ടര്‍പട്ടികയില്‍ ഇതേ വിലാസത്തില്‍ പത്ത് വോട്ടുകള്‍ കാണിക്കുന്നു. അതായത് ഒന്‍പത് വോട്ടുകള്‍ കൂടുതല്‍. വോട്ടര്‍ പട്ടികയില്‍ ഉള്ള ഈ ഒന്‍പത് പേരെയും പ്രസന്നയ്ക്ക് അറിയില്ല. 
 
തിരുവനന്തപുരം സ്വദേശി അജയകുമാര്‍ എസ് എന്നയാളുടെ പേരും പൂങ്കുന്നത്തെ ക്യാപിറ്റല്‍ വില്ലേജിലെ വോട്ടര്‍ ലിസ്റ്റില്‍ ഉണ്ട്. ഫ്ളാറ്റ് ഉടമ പോലും അറിയാതെയാണ് ഇയാളുടെ പേര് വോട്ടര്‍ ലിസ്റ്റില്‍ എത്തിയിരിക്കുന്നത്. മാത്രമല്ല സുരേഷ് ഗോപിയുടെ വോട്ടര്‍ കൂടിയാണ് ഇയാള്‍. 
 
സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്ക് ഇരട്ട വോട്ട് ഉള്ളതായി കണ്ടെത്തി. ഇയാള്‍ക്ക് കൊല്ലത്തും തൃശൂരുമാണ് വോട്ടുള്ളത്. സുരേഷ് ഗോപിയുടെ അനുയായിയായ കോട്ടയം സ്വദേശി ബിനുവിനും ഇയാളുടെ ഭാര്യയ്ക്കും തൃശൂരില്‍ വോട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ബിനുവിനും ഭാര്യയ്ക്കും വോട്ടുള്ളത് പാലാ നഗരസഭയില്‍ ആണ്. 
 
ആരോപണങ്ങളെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ സുരേഷ് ഗോപിയോടു പ്രതികരണം ചോദിച്ചെങ്കിലും യാതൊന്നും പറയാന്‍ തയ്യാറായില്ല. തൃശൂരിലെ ബിജെപി നേതൃത്വവും പ്രതിരോധത്തിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍