Suresh Gopi: 'സുരേഷേട്ടാ മടങ്ങി വരൂ'

Nelvin Gok

ചൊവ്വ, 12 ഓഗസ്റ്റ് 2025 (09:48 IST)
Suresh Gopi
Suresh Gopi: സുരേഷേട്ടനു വേണ്ടിയുള്ള തെരച്ചില്‍ ഞങ്ങള്‍ തൃശൂക്കാര് തുടരുകയാണ്. പൂരങ്ങള്‍ക്കും പള്ളി പെരുന്നാളുകള്‍ക്കും കൃത്യമായി എത്തുന്ന ഞങ്ങടെ എംപിയെ കുറിച്ച് കുറച്ചുനാളുകളായി വിവരമൊന്നും ഇല്ല..! ഛത്തീസ്ഗഢിലെ ബിജെപി സര്‍ക്കാര്‍ മതപരിവര്‍ത്തനം, മനുഷ്യക്കടത്ത്, രാജ്യവിരുദ്ധ പ്രവര്‍ത്തനം എന്നീ ഗുരുതര വകുപ്പുകള്‍ ചുമത്തി മലയാളികളായ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ജൂലൈ 26 നാണ്. ഈ വിഷയത്തില്‍ സുരേഷ് ഗോപി പ്രതികരിക്കാത്തതില്‍ ഞങ്ങള്‍ വോട്ടര്‍മാര്‍ക്കു വലിയ വിഷമമുണ്ട്..! 
 
ജൂലൈ 28 നു വിശുദ്ധ അല്‍ഫോണ്‍സമ്മയുടെ തിരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട സുരേഷ് ഗോപി ഇതേ അല്‍ഫോണ്‍സമ്മയുടെ പാത പിന്തുടര്‍ന്ന് കന്യാസ്ത്രീ ജിവിതം തിരഞ്ഞെടുത്ത രണ്ട് മലയാളി സ്ത്രീകള്‍ ഛത്തീസ്ഗഢിലെ ജയിലില്‍ കിടക്കുന്നതിനെതിരെ കമാന്നൊരു അക്ഷരം മിണ്ടിയിട്ടില്ല, ഇതേ കുറിച്ച് ഒരു ഫെയ്സ്ബുക്ക് പോലുമില്ല. ലോക്സഭാംഗമാകുന്നതിനു മുന്‍പും സുരേഷ് ഗോപി ഫെയ്സ്ബുക്കില്‍ സജീവമായിരുന്നു. അന്നും അല്‍ഫോണ്‍സാമ്മയുടെ തിരുന്നാളും ദുക്റാന തിരുന്നാളും കുരുത്തോല തിരുന്നാളുമൊക്കെ തൃശൂരില്‍ ഉണ്ടായിരുന്നു. എന്നാല്‍ തൃശൂരില്‍ നിന്ന് തിരഞ്ഞെടുത്ത ശേഷം മാത്രം സുരേഷ് ഗോപിക്ക് ക്രൈസ്തവ സമൂഹത്തോടു തോന്നി തുടങ്ങിയ 'പ്രത്യേക സ്നേഹം' പരിഗണിച്ചെങ്കിലും കന്യാസ്ത്രീകളുടെ അറസ്റ്റില്‍ രണ്ട് വാക്ക് പ്രതികരിക്കാമായിരുന്നു എന്ന് തൃശൂര്‍ക്കാര്‍ക്ക് തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ ഒക്കുമോ? 
 
ഒരു കേന്ദ്രമന്ത്രിയെ കാണാനില്ലെന്ന് പറയുന്നത് ഗൗരവമുള്ള വിഷയമാണെന്നും സുരേഷ് ഗോപി ബിജെപിയില്‍ നിന്ന് രാജിവെച്ച് പോയോ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കണമെന്നും മന്ത്രി വി.ശിവന്‍കുട്ടി ട്രോളിയത് ഞങ്ങള്‍ വോട്ടര്‍മാര്‍ ഓര്‍ത്തുവെച്ചിട്ടുണ്ട്. സുരേഷേട്ടന്‍ തിരിച്ചുവരുമ്പോള്‍ അതിനുള്ള മറുപടി തന്നിരിക്കും, കട്ടായം..! 
 
സുരേഷ് ഗോപിക്ക് കിട്ടിയ ഏറ്റവും വലിയ അടി ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ കൈയില്‍ നിന്നാണ്. ' ഞങ്ങള്‍ തൃശൂരുകാര്‍ തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്ക് അയച്ച ഒരു നടനെ കാണാനില്ല. പൊലീസിനെ അറിയിക്കണമോ എന്നാശങ്ക' എന്ന രണ്ട് വരികള്‍ കൊണ്ട് യൂഹാനോന്‍ പിതാവ് അക്ഷരാര്‍ഥത്തില്‍ 'സുരേഷ് ഗോപി വധം' നടപ്പിലാക്കി..! 


സുരേഷ് ഗോപി എവിടെയെന്ന് ചോദിക്കുന്നവര്‍ക്ക് ബിജെപി നേതാവ് എം.ടി.രമേശ് നല്‍കിയ ബില്യണ്‍ ഡോളര്‍ മറുപടി ഇങ്ങനെയാണ്, ' സുരേഷ് ഗോപിയെ കൊണ്ട് മറുപടി പറയിപ്പിക്കണമെന്നാണ് ആഗ്രഹമെങ്കില്‍, അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടാലേ സമാധാനം ഉള്ളൂവെങ്കില്‍ ഞാന്‍ പറയാം അദ്ദേഹത്തോടു മറുപടി പറയാന്‍' അതായത് സുരേഷ് ഗോപിയുടെ വായില്‍ നിന്ന് വരുന്നത് ഏത് ടൈപ്പ് വര്‍ത്തമാനമാകുമെന്ന് ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നല്ല ബോധ്യമുണ്ടെന്ന് സാരം. 
 
എന്തായാലും തൃശൂരിലെ ഒരു വോട്ടറെന്ന നിലയില്‍, സുരേഷ് ഗോപി ഞങ്ങളുടെ എംപിയായതുകൊണ്ട് ഒറ്റകാര്യമേ പറയാനുള്ളൂ, 'സുരേഷേട്ടാ തിരിച്ചുവരണം, കന്യാസ്ത്രീകളുടെ അറസ്റ്റിനെ കുറിച്ച് ഞങ്ങള്‍ ചോദിക്കില്ല. ബിജെപിയുടെ ന്യൂനപക്ഷ വേട്ടയെ കുറിച്ചും ഞങ്ങള്‍ ചോദിക്കില്ല, തൃശൂരിലെ കൃത്രിമ വോട്ട് ആരോപണത്തെ കുറിച്ചും ജാനകി വേഴ്സസ് സ്റ്റേഫ് ഓഫ് കേരളയുടെ കളക്ഷനെ കുറിച്ചും ഞങ്ങള്‍ ചോദിക്കില്ല,' ഈ ഉറപ്പിന്‍മേലെങ്കിലും ഞങ്ങളുടെ എംപി സ്വന്തം മണ്ഡലത്തിലേക്ക് തിരിച്ചുവരട്ടെ..!

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍