ഛത്തിസ്ഗഡില്‍ 2 മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ തൃശൂര്‍ എം പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി പുലര്‍ത്തിയ മൗനത്തില്‍ സഭാപ്രവര്‍ത്തകര്‍ക്കിടയില്‍ നീരസം. ബിജെപി സ്ഥാനാര്‍ഥിയായിട്ടും ക്രിസ്ത്യന്‍ വിശ്വാസികളുടെ വോട്ട് ഭേദപ്പെട്ട നിലയില്‍ നേടി വിജയിച്ച ആളെന്ന നിലയിലുള്ള ക്രിയാത്മകമായ യാതൊരു ഇടപെടലും മന്ത്രിയില്‍ നിന്നുണ്ടായില്ലെന്നാണ് വിമര്‍ശനം.
അതേസമയം ഇക്കാര്യത്തില്‍ പരസ്യമായ വിമര്‍ശനം ഉന്നയിക്കാന്‍ സഭാനേതൃത്വം തയ്യാറായിട്ടില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വന്നുകണ്ടതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സിബിസിഐ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴ്ത്ത് സുരേഷ് ഗോപി വിളിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരുന്നില്ല. സുരേഷ് ഗോപിയുടെ നിലപാടില്‍ കടുത്ത വിമര്‍ശനമാണ് വിശ്വാസികളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും മറ്റും ഉയരുന്നത്. അതേസമയം പരസ്യമായ പ്രതികരണത്തിലല്ല ഇടപെടലിലാണ് മന്ത്രി വിശ്വസിക്കുന്നതെന്ന് സുരേഷ് ഗോപിയുടെ അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു. വിഷയം അറിഞ്ഞപ്പോള്‍ തന്നെ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സുരേഷ് ഗോപിയില്‍ നിന്ന് ശ്രമം ഉണ്ടായെന്നാണ് ഇവര്‍ വാദിക്കുന്നത്.