ഒരു സൂപ്പര്‍താര ചിത്രമായിട്ടു പോലും റിലീസിനു ശേഷമുള്ള ആദ്യ തിങ്കളാഴ്ച ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് 50 ലക്ഷം കളക്ട് ചെയ്യാന്‍ 'ജെ.എസ്.കെ'യ്ക്കു സാധിച്ചിട്ടില്ല. പ്രമുഖ ഓണ്‍ലൈന്‍ ട്രാക്കിങ് വെബ്‌സൈറ്റായ സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം 27 ലക്ഷമാണ് അഞ്ചാം ദിനമായ ഇന്നലെ (തിങ്കള്‍) സുരേഷ് ഗോപി ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍.
ആദ്യ ഷോയ്ക്കു ശേഷം ഒട്ടേറെ നെഗറ്റീവ് അഭിപ്രായങ്ങളാണ് സിനിമയ്ക്കു ലഭിച്ചത്. അതിനാടകീയത നിറഞ്ഞ കഥ പറച്ചിലെന്നാണ് പ്രധാന വിമര്‍ശനം. പറഞ്ഞുപഴകിയ കഥാരീതിയാണ് ചിത്രത്തിന്റേതെന്ന് നിരവധി പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. സുരേഷ് ഗോപിയുടെ പ്രകടനത്തെ അടക്കം പ്രേക്ഷകര്‍ വിമര്‍ശിച്ചിട്ടുണ്ട്. ലൈംഗിക പീഡനം അതിജീവിച്ച ജാനകി എന്ന പെണ്‍കുട്ടി സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുന്ന നിയമപോരാട്ടങ്ങളാണ് സിനിമയുടെ ഇതിവൃത്തം. കോടതി രംഗങ്ങളാണ് സിനിമയില്‍ ഏറ്റവും പ്രധാനപ്പെട്ടവ. എന്നാല്‍ ഇവിടെയൊന്നും പ്രേക്ഷകരെ പൂര്‍ണമായി എന്‍ഗേജ് ചെയ്യിപ്പിക്കാന്‍ ചിത്രത്തിനു സാധിക്കുന്നില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഡേവിഡ് ആബല്‍ ഡോണോവാന്‍ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് സുരേഷ് ഗോപി അഭിനയിച്ചിരിക്കുന്നത്. അതേസമയം അനുപമ പരമേശ്വരന്റെ ജാനകി എന്ന കഥാപാത്രം പ്രശംസിക്കപ്പെടുന്നു. സിനിമ മോശമെന്ന് അഭിപ്രായപ്പെടുന്ന പ്രേക്ഷകര്‍ പോലും അനുപമയുടെ കഥാപാത്രമാണ് ഏക ആശ്വാസമെന്ന് പറയുന്നു.