Mammootty - Mahesh Narayanan Movie: ഇനി തീര്‍ക്കാനുള്ളത് വളരെ പ്രധാനപ്പെട്ട രംഗങ്ങള്‍; മമ്മൂട്ടിക്ക് 50 ദിവസത്തെ ഷൂട്ടിങ്

രേണുക വേണു

ചൊവ്വ, 22 ജൂലൈ 2025 (10:36 IST)
Mammootty - Mahesh Narayanan Movie: മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന രംഗങ്ങളുടെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. മമ്മൂട്ടി കേരളത്തിലെത്തിയാല്‍ ഉടന്‍ മഹേഷ് പടത്തില്‍ ജോയിന്‍ ചെയ്യും. ഏകദേശം 50 ദിവസത്തെ ചിത്രീകരണം കൂടി മമ്മൂട്ടിക്ക് ബാക്കിയുണ്ടെന്നാണ് വിവരം. 
 
കൊച്ചിയിലാണ് ചിത്രത്തിന്റെ പ്രധാന ഷെഡ്യൂള്‍ നടക്കാന്‍ പോകുന്നത്. ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റ് ആദ്യവാരമോ ആയിരിക്കും മമ്മൂട്ടിയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചു തുടങ്ങുക. 
 
ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുന്ന മമ്മൂട്ടി ഉടന്‍ കേരളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് വിവരം. നിലവില്‍ ചെന്നൈയിലെ വസതിയിലാണ് അദ്ദേഹം വിശ്രമത്തില്‍ കഴിയുന്നത്. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകന്‍. മോഹന്‍ലാലിന്റേത് സുപ്രധാന കാമിയോ റോള്‍ ആണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നയന്‍താരയാണ് ചിത്രത്തില്‍ നായിക. 
 
അതേസമയം ചിത്രത്തിന്റെ പേര് 'പാട്രിയോട്ട്' എന്നാണെന്നു മോഹന്‍ലാല്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ശ്രീലങ്കന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. 'ശ്രീലങ്കയില്‍ എന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ ആണ്. ഇതിനു മുന്‍പ് മറ്റൊരു ഷെഡ്യൂള്‍ ഇവിടെ ഉണ്ടായിരുന്നു. ഞങ്ങള്‍ വലിയൊരു സിനിമയാണ് ചെയ്യുന്നത്. വലിയ സിനിമ എന്നുപറയുമ്പോള്‍ അഭിനേതാക്കളുടെ കാര്യത്തില്‍, ഞാന്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ അങ്ങനെ കുറേ പേര്‍. ചിത്രത്തിന്റെ പേര് 'പാട്രിയോട്ട്' എന്നാണ്,' മോഹന്‍ലാല്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍