Mammootty Mohanlal: 'എനിക്ക് അങ്ങനെ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല, ലാലിന് ഒരു ദ്രോഹവും ആഗ്രഹിക്കില്ല': മമ്മൂട്ടി

നിഹാരിക കെ.എസ്

ചൊവ്വ, 22 ജൂലൈ 2025 (09:15 IST)
മലയാളത്തിന്റെ സൂപ്പർ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഏകദേശം ഒരേ സമയത്താണ് ഇരുവരും സിനിമയിലെത്തിയതും സൂപ്പർ താരങ്ങൾ ആയതും. ഒപ്പം വന്നവർ കളം വിട്ടിട്ടും ഇന്നും മലയാള സിനിമ ഭരിക്കുന്നത് ഇവരാണ്. കാലത്തിനൊപ്പം തങ്ങളിലെ നടനേയും താരത്തേയും മെച്ചപ്പെടുത്തി മുന്നേറുകയാണ് ഇരുവരും.  
 
തങ്ങള്‍ക്കിടയിലെ സൗഹൃദത്തെക്കുറിച്ച് ഇരുവരും പലവട്ടം സംസാരിച്ചിട്ടുണ്ട്. മുമ്പൊരിക്കല്‍ മനോരമയിലെ നേരോ ചൊവ്വെയില്‍ അതിഥിയായി എത്തിയപ്പോള്‍ മമ്മൂട്ടി താനും മോഹന്‍ലാലുമായുള്ള സൗഹൃദത്തിന്റെ ഊഷ്മളതയെക്കുറിച്ച് വാചാലനായിരുന്നു.
 
''സിനിമയില്‍ ശാശ്വതമായ സൗഹൃദമോ ശത്രുതയോ ഇല്ല. ലാലുമായുള്ള വ്യക്തിബന്ധത്തിന് സിനിമയുമായി യാതൊരു ബന്ധവുമില്ല. ഞങ്ങള്‍ ഒരേ സമയത്ത് വന്നവരല്ലേ. മോഹന്‍ലാലിനെ പാമ്പ് കടിക്കണമെന്നോ ഇടിവെട്ടണമെന്നോ ഞാന്‍ പ്രാര്‍ത്ഥിക്കുമോ? എനിക്ക് അങ്ങനെ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല. അങ്ങനൊരു ദ്രോഹവും ആലോചിക്കില്ല'' എന്നാണ് മമ്മൂട്ടി പറഞ്ഞത്.
 
സിനിമയില്‍ വന്നത് ഏതാണ്ട് ഒരേ സമയത്താണ്. ഒരുപാട് സുഹൃത്തുക്കളുണ്ട്. ഞാനും ലാലുമുണ്ട്. നെടുമുടി വേണു, ശ്രീനിവാസന്‍, രതീഷ്, രവീന്ദ്രന്‍, അങ്ങനെ കുറേ ആളുകളുണ്ട്. അന്നത്തെ യുവതലമുറ. ഷൂട്ടിങിന് പോയാല്‍ എന്റെ മുറിയില്‍ സ്ഥിരമായി കിടന്നുറങ്ങുന്നവരാണ് പ്രിയദര്‍ശനും ശ്രീനിവാസനുമൊക്കെ. പല പടത്തിനായി വന്നതാണെങ്കിലും ഞാനും നെടുമുടി വേണുവും ഒരു മുറിയിലാണ് കിടന്നിരുന്നത്. ആ സൗഹൃദം പിന്നീട് തകര്‍ന്നിട്ടേയില്ലെന്നും മമ്മൂട്ടി പറയുന്നു.
 
ഒരുപാട് തമാശകളുണ്ട്. തമാശക്കവിതകളെഴുതും. ഇപ്പോഴും അമ്മയുടെ മീറ്റിങുകളില്‍ കണ്ടുമുട്ടുമ്പോള്‍ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും കവിതകളെഴുതും. ഒരുപാട് കവിതകളെഴുതുന്നത് വാല്‍സല്യത്തിന്റെ സമയത്താണ്. ലാല്‍ ദേവാസുരത്തില്‍ അഭിനയിക്കുകയാണ്. രണ്ടും ഒരേ സ്ഥലത്താണ് ഷൂട്ടിങ് നടക്കുന്നത്. രണ്ട് പടത്തിലും അഭിനയിക്കുന്ന ഒരു നടന്‍ ഉണ്ട്. ലാല്‍ അവിടുന്നൊരു കത്തെഴുതി അയക്കും. ഇവിടുന്ന് മറുപടി അയക്കും. അങ്ങനെ ആറേഴ് കത്തുകള്‍ അയച്ചു. അത് പിന്നെ പ്രചരിക്കും. എല്ലാവരും വായിക്കും. വലിയ തമാശയായിരുന്നുവെന്നും താരം പറയുന്നു.
 
ഇപ്പോഴും നല്ല ഊഷ്മളതയുള്ള സൗഹൃദമാണ്. ഈയ്യടുത്ത് ഐഐഫ്എ അവാര്‍ഡിന് പോയപ്പോള്‍ ഞങ്ങള്‍ ഒരേ കാറിലാണ് പോയത്. താമസിച്ചതും ഒരേ മുറിയില്‍. അവര്‍ക്കെല്ലാം വലിയ അത്ഭുതമായിരുന്നുവെന്നും താരം പറയുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍