മമ്മൂട്ടി ഇത്തവണയും മികച്ച നടനുള്ള പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടാകും. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഭ്രമയുഗം' ആണ് മമ്മൂട്ടിയെ മികച്ച നടനുള്ള പോരാട്ടത്തിലേക്ക് എത്തിക്കുക. ചിത്രത്തില്‍ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഈ കഥാപാത്രവും മമ്മൂട്ടിയുടെ പ്രകടനവും പാന്‍ ഇന്ത്യന്‍ തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. 2022 ലെ മികച്ച നടനുള്ള അവാര്‍ഡ് നന്‍പകല്‍ നേരത്ത് മയക്കം എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. 2023 ല്‍ പൃഥ്വിരാജിനു ആടുജീവിതത്തിലെ അഭിനയത്തിനു പുരസ്‌കാരം ലഭിച്ചപ്പോഴും കാതലിലെ അഭിനയത്തിലൂടെ മമ്മൂട്ടി അവസാന റൗണ്ടില്‍ ഉണ്ടായിരുന്നു.
അതേസമയം മമ്മൂട്ടിക്കു വെല്ലുവിളി ഉയര്‍ത്തി ആസിഫ് അലിയും വിജയരാഘവനും ഉണ്ടാകുമെന്നാണ് വിവരം. തലവന്‍, കിഷ്‌കിന്ധാ കാണ്ഡം, ലെവല്‍ ക്രോസ് എന്നീ ചിത്രങ്ങളാണ് ആസിഫ് അലിയുടെ സാധ്യതകള്‍ ശക്തമാക്കുന്നത്. കിഷ്‌കിന്ധാ കാണ്ഡത്തിലൂടെ വിജയരാഘവനും ഇത്തവണ മികച്ച നടനാകാന്‍ പോരാട്ടത്തിലുണ്ടാകും.