Mammootty: മമ്മൂട്ടി പൂര്‍ണ ആരോഗ്യവാന്‍, ദുല്‍ഖര്‍ കൊച്ചിയിലെത്തിയത് തിരിച്ചുവരവിന്റെ സൂചന; 'കളങ്കാവല്‍' ഓഗസ്റ്റില്‍

രേണുക വേണു

വെള്ളി, 18 ജൂലൈ 2025 (11:35 IST)
Mammootty and Dulquer Salmaan

Mammootty: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മമ്മൂട്ടി കേരളത്തില്‍ തിരിച്ചെത്തുന്നു. മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനാണെന്നും ജൂലൈ അവസാനത്തോടെ അദ്ദേഹം കൊച്ചിയിലെത്തുമെന്നുമാണ് വിവരം. 
 
ചികിത്സകളുടെ ഭാഗമായാണ് മമ്മൂട്ടി കുടുംബത്തോടൊപ്പം ചെന്നൈയിലേക്ക് പോയത്. മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിക്കൊപ്പം ചെന്നൈയില്‍ ആയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ദുല്‍ഖര്‍ കൊച്ചിയില്‍ തിരിച്ചെത്തി. ദുല്‍ഖറിന്റെ വരവ് മമ്മൂട്ടിയുടെ തിരിച്ചുവരവിന്റെ സൂചനയാണെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 
 
ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു മമ്മൂട്ടിയുടെ ചികിത്സ. നിലവില്‍ ചികിത്സകള്‍ പൂര്‍ത്തിയാക്കി ശാരീരിക വ്യായാമത്തിനു പ്രാധാന്യം നല്‍കിയാണ് മമ്മൂട്ടി വിശ്രമം തുടരുന്നത്. 
 
കേരളത്തില്‍ എത്തിയാല്‍ ഉടന്‍ മഹേഷ് നാരായണന്‍ പടത്തില്‍ ജോയിന്‍ ചെയ്യും. കൊച്ചിയിലാണ് ചിത്രീകരണം നടക്കുക. മോഹന്‍ലാലിനൊപ്പമുള്ള കോംബിനേഷന്‍ സീനുകള്‍ അടക്കം കൊച്ചിയില്‍ ചിത്രീകരിക്കും. ഇതിനിടെ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവല്‍' സിനിമയുടെ പ്രൊമോഷന്‍ പരിപാടികളിലും മമ്മൂട്ടി പങ്കെടുക്കും. ഓഗസ്റ്റ് അവസാനത്തോടെയോ സെപ്റ്റംബര്‍ ആദ്യവാരത്തിലോ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. 
 
മഹേഷ് നാരായണന്‍ ചിത്രം പൂര്‍ത്തിയായ ശേഷം 'ഫാലിമി' സംവിധായകന്‍ നിതീഷ് സഹദേവ് ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യും. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ഈ ചിത്രം കോമഡി-ആക്ഷന്‍ ഴോണറില്‍ ഉള്ളതാണ്. നിതീഷ് സഹദേവ് ചിത്രത്തിനു ശേഷം അന്‍വര്‍ റഷീദ്, ഖാലിദ് റഹ്‌മാന്‍ സിനിമകളില്‍ മമ്മൂട്ടി അഭിനയിക്കും. ടിനു പാപ്പച്ചന്‍ ചിത്രത്തിലും മമ്മൂട്ടി നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍