ഒരു ദയയും വേണ്ട, ഗാസ പൂർണ്ണമായി പിടിച്ചെടുക്കണമെന്ന് നെതന്യാഹു, ആഹ്വാനത്തിൽ ഇസ്രായേൽ സേനയ്ക്കുള്ളിൽ എതിർപ്പ്
ഗാസയിലെ സൈനിക നടപടികള്‍ വിപുലീകരിക്കുന്നതിനുള്ള തന്റെ കാഴ്ചപ്പാട് സ്വകാര്യ സംഭാഷണങ്ങളിലാണ് നെതന്യാഹു മന്ത്രിമാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഗാസ മുനമ്പിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിനായി അധിനിവേശത്തിന് നീങ്ങുകയാണെന്ന് നെതന്യാഹു പറഞ്ഞതായാണ് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ബന്ധികളെ തടവിലാക്കിയിട്ടുണ്ടെന്ന് കരുതുന്ന പ്രദേശങ്ങളിലടക്കം സൈനികനടപടികള്‍ വ്യാപിപ്പിക്കുന്നത് അവശേഷിക്കുന്നവരുടെ ജീവന്‍ അപായപ്പെടുത്തുമെന്നാണ് ഐഡിഎഫ് കരുതുന്നത്. ഇത് സംബന്ധിച്ച മുന്നറിയിപ്പ് ഐഡിഎഫ് നെതന്യാഹുവിന് നല്‍കുകയും ചെയ്തിട്ടുണ്ട്.
പൂര്‍ണ്ണ അധിനിവേശം സംബന്ധിച്ച് ഇസ്രായേല്‍ സുരക്ഷാ മന്ത്രിസഭയിലും ഭിന്നതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. മന്ത്രിസഭയിലെ പലരും വെടിനിര്‍ത്തല്‍ ശ്രമങ്ങളെ അനുകൂലിക്കുന്നവരാണ്. ഗാസയിലെ പട്ടിണിമരണങ്ങളടക്കം ലോകരാജ്യങ്ങളുടെ മുന്നിലെത്തിയിട്ടും യുദ്ധത്തിലേക്ക് നീങ്ങുന്നത് ശരിയല്ലെന്നും ഹമാസിനെ ദുര്‍ബലപ്പെടുത്താന്‍ ഇതിനകം സാധിച്ചിട്ടുണ്ടെന്നുമാണ് നെതന്യാഹുവിനെ എതിര്‍ക്കുന്നവരുടെ നിലപാട്.