ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നേരെ ആക്രമണം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അഭിറാം മനോഹർ

ബുധന്‍, 20 ഓഗസ്റ്റ് 2025 (12:22 IST)
Rekha Gupta
ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയില്‍ സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടിക്കിടെ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. മുഖ്യമന്ത്രിയുടെ വസതിയോട് ചേര്‍ന്ന ഓഫീസില്‍ വെച്ചാണ് ജനസമ്പര്‍ക്ക പരിപാടി നടന്നത്. എല്ലാ ബുധനാഴ്ചയും നടക്കുന്ന ഈ പരിപാടിക്കിടെയായിരുന്നു സംഭവം.
 
ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാനെന്ന പേരില്‍ ചില പേപ്പറുകളുമായി എത്തിയ യുവാവ് മുഖ്യമന്ത്രി എത്തിയതിന് പിന്നാലെ ആക്രോശിച്ചുകൊണ്ട് നടന്നടുക്കുകയും രേഖാ ഗുപ്തയുടെ മുഖത്തടിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാലെ അറസ്റ്റ് ചെയ്ത് നീക്കി. പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു സംഭവം.
 
മുഖ്യമന്ത്രിക്ക് നേരെ ഇയാള്‍ ഭാരമേറിയ വസ്തു എറിഞ്ഞതായും വിവരമുണ്ട്. 35 വയസ് പ്രായം വരുന്ന അക്രമിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇയാള്‍ക്ക് എന്തെങ്കിലും രാഷ്ട്രീയബന്ധമുണ്ടോ എന്ന കാര്യമടക്കം അന്വേഷിക്കുന്നുണ്ട്. അതേസമയം അക്രമണത്തില്‍ പരിക്കേറ്റ മുഖ്യമന്ത്രി രേഖാ ഗുപ്തയെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തെ അപലപിച്ച് മറ്റ് രാഷ്ട്രീയ കക്ഷികളും രംഗത്തുവന്നു. ഗുരുതരമായ സുരക്ഷാവീഴ്ചയാണ് സംഭവിച്ചതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍