മേഘാലയ ഖനി അപകടം; കാണാതായ പതിനഞ്ച് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു

Webdunia
വ്യാഴം, 17 ജനുവരി 2019 (10:04 IST)
മേഘാലയയിലെ അനധികൃതഖനിയില്‍ കുടുങ്ങിയ പതിനഞ്ച് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. 2018 ഡിസംബര്‍ 13 ന് ഈസ്റ്റ് ജയന്തിയ ഹില്‍സ് ഡിസ്ട്രിക്ടിലെ അനധികൃത ഖനിയിലായിരുന്നു അപകടം.  അപകടം നടന്ന് ഒരു മാസത്തോളം കഴിഞ്ഞാണ് ഖനിക്കുള്ളില്‍ നിന്നും മൃതദേഹം കണ്ടെടുത്തത്. 
 
ഇവരില്‍ ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയതായി അധികൃതരെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഖനിക്കുള്ളില്‍ ഇത്രയും ദിവസം വെള്ളം കെട്ടി കിടന്നിരുന്നതിനാല്‍ കാണാതായ തൊഴിലാളികളില്‍ ആരെങ്കിലും ജീവനോടെ രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ലെന്ന് വിദ​ഗ്ദ്ദര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.
 
മൃതദേഹം എത്രയും പെട്ടെന്ന് പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ഇന്ത്യന്‍ നാവികസേനയും ദേശീയ ദുരന്ത പ്രതികരണ സേനയും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. ഖനിയ്ക്കുള്ളില്‍ 200 അടിയോളം താഴ്ച്ചയിലാണ് മൃതദേഹം കിടന്നിരുന്നതെന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന നാവികസേന അറിയിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article