കുൽഭൂഷണിന്റെ അമ്മയേയും ഭാര്യയേയും വിധവകളായി ചിത്രീകരിച്ചു, മനുഷ്യത്വരഹിതമായി പാക്കിസ്ഥാൻ പെരുമാറി: രൂക്ഷ വിമർശനവുമായി സുഷമ

Webdunia
വെള്ളി, 29 ഡിസം‌ബര്‍ 2017 (09:48 IST)
കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ അമ്മ അവന്തികയേയും ഭാര്യ ചേതനയേയും പാകിസ്ഥാന്‍ വിധവകളായി ചിത്രീകരിച്ചുവെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഇരുവരേയും അപമാനിക്കുന്ന രീതിയിലായി‌രുന്നു പാക്കിസ്ഥാൻ പെരുമാറിയതെന്നും സുഷമ സ്വരാജ് പാർലമെന്റിൽ വ്യക്തമാക്കി. 
 
അവന്തികയുടെയും ചേതനയുടെയും താലിയും ചെരുപ്പും ഊരിവാങ്ങുകയും ഭാര്യയുടെ ചെരുപ്പില്‍ ചിപ്പുണ്ടെന്ന് പറഞ്ഞ നടപടിയും ശുദ്ധ അസംബന്ധമാണ്. അവരുടെ മനുഷ്യാവകാശങ്ങൾ പാക്കിസ്ഥാൻ നിരസിക്കുകയും അവരെ വിധവകളായി ചിത്രീകരിക്കുകയും ചെയ്തു. രണ്ടും പേരും വിവാഹിതരായ വനിതകളാണ്. എന്നിട്ടും അവരെ വിധവകളെപ്പോലെയാണ് മകന്റെയും ഭർത്താവിന്റെയും മുന്നിൽ നിർത്തിയത്. അതിലും വലിയൊരു അപമാനം അവർക്കിനി ഉണ്ടാകാനില്ലെന്നും സുഷമ പറഞ്ഞു. 
 
കുല്‍ഭൂഷണിന്റെ അമ്മയേയും ഭാര്യയേയും വിധവയുടെ വേഷമണിയിക്കാനായിരുന്നു പാകിസ്ഥാന്റെ ഉദ്ദേശ്യം. ജാദവിനെ കാണാൻ അമ്മയ്ക്കും ഭാര്യയ്ക്കും അനുമതി നൽകിയതിനെ മനുഷ്യത്വപരമായ അടയാളമായിട്ടാണു പാക്കിസ്ഥാൻ അവതരിപ്പിച്ചത്. എന്നാൽ സത്യത്തിൽ മനുഷ്യത്വമെന്നത് അവരുടെ പ്രവൃത്തിയിലുണ്ടായിരുന്നില്ല എന്നും സുഷമ പാർലമെന്റിൽ വിശദീകരിച്ചു.
 
തെറ്റായ നടപടിയിലൂടെയാണ് പാകിസ്ഥാന്‍ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ചതെന്നും രാജ്യമൊന്നടങ്കം കുല്‍ഭൂഷണ്‍ ജാദവിനൊപ്പം നില്‍ക്കണമെന്നും സുഷമ ഇന്നലെ പറഞ്ഞിരുന്നു.
ഇന്നലെ സഭ സമ്മേളിച്ചപ്പോള്‍ ജാദവിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും ഉണ്ടായ അപമാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച പാർലമെന്റിൽ സംസാരിക്കുന്നതിനിടെയായിരുന്നു സുഷമയുടെ പ്രസ്താവന.

അനുബന്ധ വാര്‍ത്തകള്‍

Next Article