ആലപ്പുഴ ജിംഖാന സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍, ഭീമന്റെ വഴി സംവിധായകന്‍ അഷറഫ് ഹംസ എന്നിവര്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയില്‍. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് ഇരുവരെയും പിടികൂടിയത്. ഇവര്‍ക്കൊപ്പം ഷാലിഫ് മുഹമ്മദ് എന്നയാളെയും എക്‌സൈസ് അറസ്റ്റ് ചെയ്തു. മൂവരെയും മെഡിക്കല്‍ എടുത്ത ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഫ്‌ളാറ്റിലെത്തിയത്. പുലര്‍ച്ചെ രണ്ടിനാണ് സംഭവം. ലഹരി ഉപയോഗിക്കുന്നതിനു തൊട്ടുമുന്‍പാണ് എക്‌സൈസ് സംഘം ഫ്‌ളാറ്റ് വളഞ്ഞത്. കൊച്ചിയിലെ എക്‌സൈസ് ഓഫീസില്‍ കൊണ്ടുപോയി ഇവരെ വിശദമായി ചോദ്യം ചെയ്തു. അതിനുശേഷം ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
ഇവര്‍ക്ക് ലഹരി കൊടുത്തവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും കേസെടുത്തിട്ടുണ്ടെന്നും എക്‌സൈസ് വ്യക്തമാക്കി. സിനിമ മേഖലയില്‍ ലഹരി ഉപയോഗിക്കുന്ന മറ്റു ചില താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പേരുകള്‍ ഇരുവരും വെളിപ്പെടുത്തിയതായും സൂചനയുണ്ട്. ഇക്കാര്യത്തില്‍ എക്‌സൈസ് അന്വേഷണം നടത്തും.
തമാശ, ഭീമന്റെ വഴി, സുലൈഖ മന്‍സില്‍ എന്നിവയാണ് അഷറഫ് ഹംസ സംവിധാനം ചെയ്ത ചിത്രങ്ങള്‍. അനുരാഗ കരിക്കന്‍ വെള്ളം, ഉണ്ട, ലൗ, തല്ലുമാല, ആലപ്പുഴ ജിംഖാന എന്നീ ഹിറ്റ് ചിത്രങ്ങളുടെ ഡയറക്ടറാണ് ഖാലിദ് റഹ്‌മാന്‍.