സിഎംആര്‍എല്ലിന് സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് മൊഴി നല്‍കിയിട്ടില്ല, പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധം: ടി.വീണ

സിആര്‍ രവിചന്ദ്രന്‍

ശനി, 26 ഏപ്രില്‍ 2025 (18:32 IST)
സിഎംആര്‍എല്ലിന് സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് എസ്എഫ്‌ഐഒയ്ക്ക് മൊഴി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള് ടി വീണ. ഇത്തരം പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ മൊഴി നല്‍കിയെന്നത് സത്യമാണെന്നും എന്നാല്‍ സേവനം നല്‍കാതെ പണം കൈ പറ്റിയെന്ന് മൊഴി നല്‍കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.
 
ആദ്യമായാണ് സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട് വീണ പ്രസ്താവന ഇറക്കുന്നത്. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിധം മൊഴി നല്‍കിയിട്ടില്ല. താനോ എക്‌സാലോജിക് സൊല്യൂഷനോ സേവനങ്ങള്‍ നല്‍കാതെ പണം കൈപ്പറ്റി എന്ന തരത്തിലുള്ള ഏതെങ്കിലും മൊഴി എവിടെയും നല്‍കിയിട്ടില്ല. വാസ്തവവിരുദ്ധമാണ് ഇത്തരം പ്രചാരണങ്ങളെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നുവെന്ന് വീണ പറഞ്ഞു.
 
മാസപ്പടി കേസില്‍ സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി എസ്എഫ്ഐഒ കുറ്റപത്രത്തില്‍ പറഞ്ഞതായുള്ള വാര്‍ത്തകളാണ് നേരത്തേ പുറത്തുവന്നത്. മാസപ്പടിക്കേസ് കുറ്റപത്രം കൂടുതല്‍ കേന്ദ്ര ഏജന്‍സികളിലേക്ക് എസ്എഫ്ഐഒ നല്‍കിയിട്ടുണ്ട്. കേസിലെ അന്തിമ കുറ്റപത്രമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയത്. 
 
നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് അതോറിറ്റി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ, നാഷണല്‍ കമ്പനി ലോ ഡ്രൈബ്യൂണല്‍ എന്നിവയ്ക്കാണ് അന്വേഷണ വിവരങ്ങള്‍ കൈമാറിയത്. സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനത്തില്‍ നിന്ന് എടുത്ത ലോണ്‍ അടയ്ക്കാന്‍ സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ചുവെന്നും പൊതു സ്ഥാപനമായ സിഎംആര്‍എല്ലിന് ഇത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കി എന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇതിനായി ശശിധരന്‍ കര്‍ത്തായും ടി.വീണയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായി റിപ്പോര്‍ട്ടിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍