കുൽഭൂഷൺ ജാദവിനെ കാണാനെത്തിയ അമ്മയേയും ഭാര്യയേയും പാക്കിസ്ഥാൻ അപമാനിച്ചു

ചൊവ്വ, 26 ഡിസം‌ബര്‍ 2017 (17:15 IST)
പാക്കിസ്ഥാനിലെ ജയിലിൽ കഴിയുന്ന ഇന്ത്യൻ നാവികൻ കുൽഭൂഷൺ‌ ജാദവിനെ കാണാനെത്തിയ ഭാര്യയും അമ്മയും പാക്കിസ്ഥാൻ അപമാനിച്ചു. അമ്മ അവന്തിയെയും ഭാര്യ ചേതനയെയും പാകിസ്ഥാൻ പൊലീസ് സുരക്ഷയുടെയും പരിശോധനയുടെയും പേരിലാണ് അപമാനിച്ചത്. സുരക്ഷയുടെ പേരിൽ ഭാര്യയുടെ താലി വരെ അഴിപ്പിച്ചു.
 
കനത്ത സുരക്ഷയിൽ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഓഫിസിലായിരുന്നു കുൽഭൂഷൺ കുടുംബത്തെ കണ്ടത്. 40 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. 2016 മാർച്ചിൽ ആയിരുന്നു കുൽഭൂഷണെ തടലിലാക്കുന്നത്. 22 മാസത്തിനു ശേഷമാണ് ഭാര്യ ചേതനയും അമ്മ അവന്തിയും കുൽഭൂഷണെ കണ്ടത്. സന്ദര്‍ശനത്തിന് മുന്നോടിയായി മേഖലയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. 
 
കഴിഞ്ഞ ഏപ്രിലിലാണ് കൽഭൂഷണെ വധശിക്ഷയ്ക്ക് വിധിച്ചത്. വധശിക്ഷയ്ക്കെതിരെ രാജ്യാന്തര നീതിന്യായ കോടതിയിൽ ഇന്ത്യ നൽകിയ അപ്പീൽ പരിഗണനയിലാണ്. മനുഷ്യത്വത്തിന്റെ പേരില്‍ മാത്രമാണ് കൂടിക്കാഴ്ച അനുവദിച്ചതെന്ന് പാക്ക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ അറിയിച്ചു.  
 
കുടുംബത്തെ കാണാന്‍ അനുവദിച്ചതില്‍ കുല്‍ഭൂഷണ്‍ ജാദവ് പാക്കിസ്ഥാനു നന്ദി പറഞ്ഞു. തന്റെ ആവശ്യപ്രകാരമാണ് കുടുംബത്തെ കാണാന്‍ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. കുല്‍ഭൂഷണ്‍ ജാദവിന്‍റെ പ്രതികരണം പാക് വിദേശകാര്യ മന്ത്രാലയമാണ് പുറത്തുവിട്ടത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍