ആഷിഖ് അബു, നിങ്ങൾക്ക് ഞാനൊരു മോശം രാത്രി ആശംസിക്കുന്നു: മായാനദിക്ക് വേറിട്ട നിരൂപണം

ചൊവ്വ, 26 ഡിസം‌ബര്‍ 2017 (15:43 IST)
ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. മികച്ച നിരൂപക പ്രശംസ ലഭിക്കുന്ന ചിത്രത്തെ ഈ ഫെസ്റ്റിവൽ സീസണിലും ആളുകൾ സ്വീകരിച്ചു കഴിഞ്ഞു എന്നതിന്റെ തെളിവാണ് ചിത്രത്തിനായുള്ള തിരക്ക്. ഇതിനിടയിൽ യുവ എഴുത്തുകാരി ശ്രുതി രാജന്റെ നിരൂപണം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു. 
 
കുറിപ്പിന്റെ പൂർണരൂപം:
 
ആഷിഖ് അബു... നിങ്ങൾക്ക് ഞാനൊരു മോശം രാത്രി ആശംസിക്കുന്നു.. വളരെ വളരെ മോശം രാത്രി.. എന്തിനെന്നോ? എന്നിൽ വിങ്ങലുകൾ ഉണ്ടാക്കിയതിന്.. പുറത്തേക്ക് പൊട്ടിയൊഴുകാൻ സാധിക്കാത്ത ഒരു കരച്ചിൽ തൊണ്ടയിൽ കുരുക്കിയതിന്.. ഈ കുറിപ്പെങ്കിലും എഴുതാതെ ശമനം ഉണ്ടാകില്ലെന്ന് ബോധ്യപ്പെടുത്തുന്ന വിഷാദത്തിലേക്ക് തള്ളിവിട്ടതിന്. എന്റെ ഈ രാത്രി എത്ര ക്രൂരമായാണ് നിങ്ങൾ ഇല്ലാതാക്കിയത്..! ഉറക്കമെന്നത് ഇന്നിനി ചിന്തിക്കാനാവാത്ത വിധം വിദൂരത്തുള്ള, അപ്രാപ്യമായ ഒന്നായിരിക്കുന്നു.. സ്ക്രീനിൽ നിങ്ങൾ ചലിപ്പിച്ച ജീവിതത്തിൽ നിന്ന് ബാഹ്യലോകത്തെ വെളിച്ചത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞ് കുറച്ചു നിമിഷത്തേക്ക് ഞാൻ സംസാരിച്ചത് മുഴുവൻ നിങ്ങളാ അവസാന രംഗങ്ങൾ കൊണ്ട് അനായാസേന കുത്തിവെച്ച വിഷാദത്തെ കുറിച്ചായിരുന്നു. പോകാൻ ഒരുങ്ങിയ അവന്റെ കൈ മുറുകെ പിടിച്ചപ്പോ കുറച്ചു നേരത്തേക്ക് കൂടിയെങ്കിലും അത്തരമൊരു മാനസികാവസ്ഥയിൽ അവന്റെ സാമീപ്യം ഞാൻ ആഗ്രഹിക്കുന്നുണ്ടെന്ന് മനസ്സ് പലയാവർത്തി പറഞ്ഞു.
 
നിങ്ങൾക്ക് പിഴച്ചു തുടങ്ങിയത് എവിടെ മുതലാണെന്നറിയാമോ? വളരെയേറെ സ്വജീവിതവുമായി ബന്ധിപ്പിച്ചു ചിന്തിക്കാൻ സാധിക്കുന്ന ഒരു പ്രണയം അവർക്കിടയിൽ - മാത്തനും അപ്പുവിനുമിടയിൽ സൃഷ്ടിച്ചെടുത്തത് മുതൽ.. നിങ്ങളുടെ തിരക്കഥാകൃത്ത് യാതൊരു അസ്വാഭാവികതകളും കലർത്താതെ അതങ്ങനെ ഒഴുകാൻ വിട്ടപ്പോൾ നിങ്ങൾ ഓർക്കണമായിരുന്നു എന്നെപ്പോലെ ഉള്ളവരെ ആ വലിയ സ്ക്രീനിനുമപ്പുറം അത് പിന്തുടർന്നു വരുമെന്നും ഇതുപോലെ നോവിന്റെ ചാലുകൾ ഉണ്ടാക്കുമെന്നും.. ഒറ്റയ്ക്കായിരുന്നു കണ്ടിരുന്നതെങ്കിൽ ഒരുപക്ഷേ ആ സീറ്റ് വിട്ട് എഴുന്നേൽക്കും മുൻപ് ഞാൻ ആദ്യം അവനെ വിളിച്ചേനെ..
 
മാത്തനും അപ്പുവും.. അവരങ്ങനെ പിണഞ്ഞും വേർപ്പെട്ടും ലക്കില്ലാതെയങ്ങനെ ഒഴുകുന്നത് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു.. അതിനൊരു കലർപ്പില്ലായ്ക ഉണ്ടായിരുന്നു.. അവർക്കിടയിലെ എന്തിനും ഒരു സൗന്ദര്യം ഉണ്ടായിരുന്നു.. ഞങ്ങളും ആ ഒഴുക്കിനൊപ്പം പതിയെ പൊങ്ങിയും താഴ്ന്നും നീങ്ങി ഉത്തുംഗമായ ഒരറ്റത്തെത്തി നിന്നപ്പോഴായിരുന്നു നിങ്ങൾ കരുതി വച്ച വിഷാദത്തിന്റെ നേരിയ സൂചന ലഭിച്ചു തുടങ്ങുന്നത്.. അത് ഉൾക്കൊള്ളും മുൻപേ കുതിച്ചൊഴുകുന്ന അഗാധതയിലേക്ക് പതിയ്ക്കാനായിരുന്നല്ലോ നിങ്ങൾ എഴുതിച്ചേർത്ത വിധി..
 
വൈകാരികതകളെ സിനിമയ്ക്കപ്പുറത്തേക്ക് പിന്തുടരാൻ വിടുന്ന എഴുത്തുകളോട് എന്നുമെന്നും അസൂയയാണ്.. അത് മിഴിവോടെ ദൃശ്യങ്ങളായി കാട്ടുന്ന മാന്ത്രികതയോട് സ്നേഹവും.. പക്ഷേ കണ്ണുപൊട്ടുന്ന പ്രാക്കുകൾക്കൊടുവിൽ വികാരങ്ങളൊക്കെയും ശമിച്ച് കൂടെപ്പോന്ന അദൃശ്യതകളെ മടക്കി അയച്ച് സാധാരണത്വത്തിലേക്ക് ഞാൻ തിരിച്ചെത്തുന്ന ആ ഒരു നിമിഷത്തിൽ മാത്രമേ എന്നിൽ നിന്ന് നിങ്ങളത് പ്രതീക്ഷിക്കാവൂ..
 
അതുകൊണ്ട് നിങ്ങൾക്ക് വീണ്ടും ഞാനൊരു മോശം രാത്രി ആശംസിക്കുന്നു.. ഒന്നുറങ്ങാൻ പോലുമാകാതെ നിങ്ങൾ ശപിച്ചു പോകുംവിധം നിങ്ങളെ അലട്ടുന്ന വളരെ വളരെ മോശം രാത്രി...!!

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍