ചേതനയുടെ ചെരുപ്പിൽ എന്തോ ഉണ്ടായിരുന്നു; കുൽഭൂഷണിന്റെ ഭാര്യയ്ക്കു ചെരിപ്പു നൽകാത്തതിനെ ന്യായീകരിച്ച് പാകിസ്ഥാൻ

ബുധന്‍, 27 ഡിസം‌ബര്‍ 2017 (11:07 IST)
ഇന്ത്യൻ ചാരനെന്ന് ആരോപിക്കപ്പെട്ട് പാകിസ്ഥാൻ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന കുൽഭൂഷൺ ജാദവിന്റെ അമ്മയേയും ഭാര്യയേയും അപമാനിച്ച സംഭവത്തിൽ ന്യായീകരണവുമായി പാകിസ്ഥാൻ. കുൽഭൂഷണിന്റെ ഭാര്യയുടെ ചെരുപ്പ് ഊരിമാറ്റിയത് സുരക്ഷയുടെ ഭാഗമായിട്ടാണെന്ന് പാകിസ്ഥാൻ വിശദീകരിച്ചു. 
 
കുൽഭൂഷണിന്റെ ഭാര്യ ചേതനയുടെ ചെരുപ്പിനുള്ളിൽ സംശയകരമായി എന്തോ ഉണ്ടായിരുന്നു. കൂടാതെ അവരുടെ ആഭരണങ്ങള്‍ തിരികെ നൽകിയപ്പോൾ പുതിയ ചെരിപ്പുകളും അവർക്കു നൽകിയിരുന്നു എന്ന് പാകിസ്ഥാൻ വിദേശകാര്യ വക്താവ് ഡോ.മുഹമ്മദ് ഫൈസൽ പറഞ്ഞു.
 
വിഷയത്തിൽ നേരത്തേ പ്രതികരണവുമായി ബിജെപി മുതിർന്ന നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയിരുന്നു. കുൽഭൂഷണിന്റെ അമ്മയേയും ഭാര്യയേയും അപമാനിച്ച സംഭവത്തിൽ ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യണമെന്നും യുദ്ധം ചെയ്ത് അവരെ നാലു കഷ്ണങ്ങളാക്കണമെന്നും അദ്ദേഹം പറഞ്ഞു.
 
കുൽഭൂഷന്റെ അമ്മയോടും ഭാര്യയോടും പാക്കിസ്ഥാന്‍ കാണിച്ച സമീപനം ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തിനു സമാനമാണെന്നും സ്വാമി വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. കുൽഭൂഷൺ ജാദവിനെ കാണാനെത്തിയ അമ്മ അവന്തിയെയും ഭാര്യ ചേതനയെയും പാക്കിസ്ഥാൻ അപമാനിച്ചിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച് ഇന്ത്യയുമായുണ്ടാക്കിയ ധാരണകൾ പാക്കിസ്ഥാൻ ലംഘിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍