ജെ ജയലളിതയുടെ നിര്യാണത്തിനുശേഷം എഐഎഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത വികെ ശശികല തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിലേക്ക്. നാളെ നടക്കുന്ന എംഎല്‍എമാരുടെ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. ഈ മാസം ഏഴിനോ എട്ടിനോ ശശികല സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
ശശികല മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതോടെ ഒ പനീര്‍ സെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കും. ജയലളിതയുടെ നിര്യാണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മണിക്കൂറുകള്‍ മുമ്പാണ് ഒപിഎസ് മുഖ്യമന്ത്രിയായി അധികാരമേറ്റത്.
ജയലളിതയുടെ ഉപദേശകയായിരുന്ന മലയാളി ഐഎഎസ് ഉദ്യോഗസ്ഥ ഷീലാ ബാലകൃഷ്ണൻ അടക്കം തമിഴ്‌നാട് സർക്കാരിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർ വെള്ളിയാഴ്ച രാജിവെച്ചിരുന്നു. ഇത് ശശികലയുടെ സ്ഥാനാരോഹണവുമായാണ് തമിഴ് മാധ്യമങ്ങൾ ബന്ധിപ്പിക്കുന്നത്.
മുന്‍മന്ത്രിയായിരുന്ന കെഎ സെങ്കോട്ടിയനെയും മുന്‍ മേയര്‍ സൈദായി എസ്. ദുരൈസ്വാമിയെയും പാര്‍ട്ടി ഓര്‍ഗനൈസേഷന്‍ സെക്രട്ടറിമാരായി വെള്ളിയാഴ്ച ശശികല നിയമിച്ചിരുന്നു. യൂത്ത് വിംഗ് സെക്രട്ടറി സ്ഥാനത്തുനിന്ന് വി. അലക്‌സാണ്ടര്‍ എംഎല്‍എയും അവര്‍ മാറ്റിയിരുന്നു. പാര്‍ട്ടിക്കുള്ളിലെ തന്‍റെ അപ്രമാദിത്യം ഉറപ്പിക്കാനാണ് ശശികല ഈ നീക്കങ്ങള്‍ നടത്തിയതെന്നാണ് വിലയിരുത്തല്‍.