അന്യജാതിക്കാരനായ യുവാവിനെ വിവാഹം ചെയ്ത പെൺകുട്ടിയെ പിതാവ് തീ കൊളുത്തി കൊന്നു, യുവാവിന്റെ നില ഗുരുതരം

Webdunia
ചൊവ്വ, 7 മെയ് 2019 (11:26 IST)
അന്യജാതിയില്‍ പെട്ട യുവാവിനെ വിവാഹം ചെയ്ത പെണ്‍കുട്ടിയെ അച്ഛനും അച്ഛന്റെ സഹോദരന്‍മാരും ചേര്‍ന്ന് ചുട്ടു കൊന്നു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലിയിലെ നിഖോജ് ഗ്രാമത്തില്‍ മെയ് ഒന്നിനാണ് സംഭവം. 50 ശതമാനം പൊള്ളലേറ്റ യുവാവിന്റെ നില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ അറിയിച്ചു. 
 
ആറ് മാസം മുമ്പാണ് 23 കാരനായ മങ്കേഷ് രണ്‍സിങ്ങും 19 കാരിയായ രുഗ്മിണിയും വിവാഹിതരാകുന്നത്. രണ്ടു വ്യത്യസ്ത ജാതിക്കാരായതിനാല്‍ രുഗ്മിണിയുടെ വീട്ടില്‍ നിന്നും കടുത്ത എതിര്‍പ്പുണ്ടായിരുന്നു. എന്നാൽ, അടുത്തിടെ ദമ്പതികൾ തമ്മിൽ ചെറിയ അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടർന്ന് രുഗ്മിണി കഴിഞ്ഞയാഴ്ച സ്വന്തം വീട്ടിലേക്ക് തിരിച്ച് വന്നിരുന്നു. 
 
പിറ്റേദിവസം പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാനായി രണ്‍സിങ്ങ് എത്തി. എന്നാല്‍ രുഗ്മിണിയെ രണ്‍സിങ്ങിന്റെ വീട്ടിലേയ്ക്ക് അയക്കില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞതോടെ വാക്കുതര്‍ക്കമായി. ഭർത്താവിന്റെ ഒപ്പം പോകണമെന്ന് രുഗ്മിണിയും വാശി പിടിച്ചു. 
 
തുടര്‍ന്ന് പിതാവ് രമ ഭാരതീയ ഇരുവരുടേയും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. സഹോദരന്മാരായ സുരേന്ദ്ര ഭാരതീയയും ഘനശ്യാംസരോജും ഒപ്പം ചേര്‍ന്നു. അലര്‍ച്ച കേട്ടെത്തിയ നാട്ടുകാരാണ് ഇരുവരേയും ആശുപത്രിയിലാക്കിയത്. 70 ശതമാനം പൊള്ളലേറ്റ രുഗ്മിണി മെയ് അഞ്ചിന് ആശുപത്രിയില്‍ വെച്ച് മരിച്ചു. 50 ശതമാനം പൊള്ളലേറ്റ യുവാവിന്റെ നില ഗുരുതരമാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article