ഇസ്രയേല്‍ ജയിലില്‍ ഉള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാമെന്ന പുതിയ ഉപാധി വെച്ച് ഹമാസ്. ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. പൂര്‍ണ്ണമായും രണ്ടു ഭാഗത്തുനിന്നുമുള്ള ആളുകളെ വിട്ടയക്കുന്നതല്ലാതെ വെടിനിര്‍ത്തലിന് ഹമാസ് തയ്യാറല്ലെന്നും ഹമാസ് നേതാവ് പറഞ്ഞു.
അതേസമയം യെമനില്‍ ഹൂതികള്‍ക്കെതിരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു. യെമനിലെ റാസ് ഇസ ഫ്യുവല്‍ പോര്‍ട്ടിന് നേരെയാണ് അമേരിക്ക ആക്രമണം നടത്തിയത്. ഹൂതികളുടെ ഇന്ധന വിതരണ ശൃംഖല നശിപ്പിക്കുന്നതിന് വേണ്ടിയാണ് അമേരിക്കയുടെ ആക്രമണം. കഴിഞ്ഞ മാസം ആരംഭിച്ച ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം നടന്നത്.
ഇതിനുമുമ്പ് കഴിഞ്ഞ മാര്‍ച്ചില്‍ അമേരിക്ക നടത്തിയ ആക്രമത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹൂതികള്‍ ചെങ്കടലിലെ ചരക്ക് കപ്പലുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ ഇനിയും തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നാണ് അമേരിക്ക നല്‍കുന്ന മുന്നറിയിപ്പ്. ആക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടതിന് പുറമെ 102 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഹൂതികള്‍ പറയുന്നു.