ഹോസ്‌റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു
തിങ്കള്‍, 6 മെയ് 2019 (18:16 IST)
കൊല്ലം പോളയത്തോട് കോളേജ് വിദ്യാർഥിനിയെ ഹോസ്‌റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടക്കൽ ഐരക്കുഴി കൊച്ചുതോട്ടം മുക്ക് തെക്കടത്തു വീട്ടിൽ ഷിബു -സന്ധ്യ ദമ്പതികളുടെ ഏകമകൾ ശ്രീലക്ഷ്മി(18)യാണ് മരിച്ചത്.
കൊല്ലം കപ്പലണ്ടി മുക്കിനടുത്തുള്ള ഫ്ലൈ വിങ് എന്ന സ്ഥാപനത്തിലെ ഏവിയേഷൻ ഒന്നാം വർഷ വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി. മരണകാരണം എന്താണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹോസ്‌റ്റല്‍ വാതിൽ തുറക്കാതിരുന്നതോടെയാണ് ജീവനക്കാർ അന്വേഷിച്ചെത്തിയത്. മുറി തള്ളി തുറന്നപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ ശ്രീലക്ഷ്‌മിയെ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ഒരു വർഷമായി ശ്രീലക്ഷ്മി ഇവിടെയാണ് താമസം. ഒരു മുറിയിൽ മൂന്നു പേരാണ് താമസിച്ചിരുന്നത്. ഇവരിൽ രണ്ടു പേർ ഞായറാഴ്ച വീട്ടിൽ പോയിരുന്നതിനാല്‍ ശ്രീലക്ഷമി മാത്രമാണ് മുറിയിലുണ്ടായിരുന്നത്.
പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ശ്രീലക്ഷ്‌മിയുടെ ബന്ധുക്കളുടെയും അധ്യാപകരുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി.