തുടര്‍ച്ചയായി രണ്ട് ടേം മത്സരിച്ച രാജന് ഒല്ലൂര്‍ മണ്ഡലത്തില്‍ വലിയ ജനപ്രീതിയുണ്ട്. മന്ത്രിയെന്ന നിലയില്‍ മികച്ച പ്രകടനമാണ് രാജന്‍ നടത്തുന്നത്. സംഘാടക മികവുകൊണ്ടും മണ്ഡലത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ രാജനു സ്വീകാര്യത ലഭിക്കുന്നുണ്ട്. ഈ ഘടകങ്ങളെല്ലാം പരിഗണിച്ച് രാജനെ വീണ്ടും മത്സരിപ്പിക്കാനാണ് സിപിഐയുടെ തീരുമാനം. തൃശൂര്‍ ജില്ലയിലെ ഇടതുമുന്നണി നേതൃത്വവും രാജനെ പിന്തുണയ്ക്കുന്നു.
2016 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.പി.വിന്‍സെന്റിനെ 13,248 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് രാജന്‍ ഒല്ലൂര്‍ മണ്ഡലം ഇടതുപക്ഷത്തിനായി തിരിച്ചുപിടിച്ചത്. അന്ന് 71,666 വോട്ടുകള്‍ നേടിയ രാജന്‍ 2021 ലേക്ക് എത്തിയപ്പോള്‍ 76,657 വോട്ട് സ്വന്തമാക്കി. ഭൂരിപക്ഷം 21,506 ആയി ഉയര്‍ത്തി. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ അതിജീവനത്തില്‍ റവന്യു മന്ത്രിയായ കെ.രാജന്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാത്രമല്ല ഒല്ലൂര്‍ മണ്ഡലത്തില്‍ രാജന്റെ നേതൃത്വത്തില്‍ നടന്ന പട്ടയ വിതരണവും വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് രാജനു ഒരു അവസരം കൂടി നല്‍കാനുള്ള സിപിഐ തീരുമാനം.