നിയമങ്ങളും ചട്ടങ്ങളും ജനങ്ങളെ പേടിപ്പിക്കാനുള്ളതല്ലെന്നും ആവശ്യമെങ്കില്‍ പൊളിച്ചെഴുതുമെന്നും റവന്യു മന്ത്രി കെ.രാജന്‍ അഭിപ്രായപ്പെട്ടു. കരുതലും കൈത്താങ്ങും മുകുന്ദപുരം താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ സര്‍ക്കാര്‍ നിരവധിയായ ലഷ്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍ വെച്ച് വികസന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിര്‍വ്വഹിച്ചു മുന്നോട്ട് പോകുമ്പോഴും പലവിധ കാരണങ്ങളാല്‍ ജനങ്ങളിലെത്തിച്ചേരേണ്ട സേവനങ്ങള്‍ സമയബന്ധിതമായി എത്തിച്ചേരുന്നില്ല എന്ന് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാരാണ് നവകേരളം സൃഷ്ടിക്കുന്നതിന് വേണ്ടി നാലു മിഷനുകള്‍ അവതരിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കഴിഞ്ഞ എട്ടര വര്‍ഷമായി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നത് അതിനാണ്. അതിനായി നാല് മിഷനുകള്‍ അവതരിപ്പിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആരോഗ്യ സുരക്ഷയ്ക്കായി ആര്‍ദ്രം, ഭവന രഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിന് ലൈഫ് മിഷന്‍, മാലിന്യമുക്ത കേരളം സാക്ഷാത്കരിക്കുന്നതിന് ഹരിത കേരളം എന്നിവയാണ് മിഷനുകള്‍. നാല് മിഷനുകള്‍ നാല് ദീര്‍ഘ വീക്ഷണങ്ങളാണ്.
കേരളത്തില്‍ സയന്‍സ് വിഷയത്തിന് മാത്രമല്ല ഭാഷാ വിഷയത്തിനും ലാബുണ്ടാക്കി. പബ്ലിക് സ്‌കൂളുകളെ വെല്ലുവിളിക്കുന്നവയാക്കി പൊതു വിദ്യാലയങ്ങള്‍. വസൂരി പുരകളില്‍ ദുരന്തത്തിന്റെ തീക്കാറ്റേറ്റു വാങ്ങിയ ചരിത്രമുള്ള കേരളം കോവിഡ് ലോകമാകെ പിടിച്ചു കുലുക്കുകയും ലക്ഷങ്ങളോളം പേരെ ഇല്ലാതാക്കുകയും ചെയ്തപ്പോള്‍ കോവിഡിന്റെ അപകടങ്ങള്‍ ആ വിധത്തില്‍ പ്രതിഫലിപ്പിക്കാത്ത നാടായി കേരളത്തിന് മാറാന്‍ കഴിഞ്ഞത് ആരോഗ്യ മേഖലയില്‍ കേരളം അവതരിപ്പിച്ച നടപടികള്‍ മൂലമാണെന്നും മന്ത്രി പറഞ്ഞു.