അയോധ്യാ കേസ് ഭരണഘടനാ ബെഞ്ചിലേക്ക്, കേസ് ഈ മാസം പത്തിന് പരിഗണിക്കും

Webdunia
ചൊവ്വ, 8 ജനുവരി 2019 (19:39 IST)
രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച അയോധ്യ ഭൂമി തർക്ക കേസ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. കേസിൽ ഈ മാസം പത്തിന് ഭരണഘടനാ ബെഞ്ച് ആദ്യ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിൽ എസ് എ ബോബ്‌ഡെ, എന്‍ വി രമണ, യു യു ലളിത്, ഡി വൈ ചന്ദ്രചൂഢ് എന്നിവരാണ് മറ്റു വിധികർത്താക്കൾ.
 
തർക്കത്തെ തുടർന്ന് ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കർ ഭൂമി നിര്‍മോഹി അഖാഡ, രാം ലല്ല, സുന്നി വഖഫ് ബോർഡ് എന്നീ സംഘടനകൾക്ക് മൂന്ന് തുല്യ ഭാഗങ്ങളായി വീതിച്ചു നൽകി അലഹാബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിക്കെതിരെ സമർപ്പിക്കപ്പെട്ട 16 അപ്പീൽ ഹർജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുക.
 
കേസിൽ നേരത്തെ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചാണ് വാദം കേട്ടിരുന്നത്. തർക്കത്തിൽ എങ്ങനെ വാദം കേൾക്കണം, അന്തിമവാദം എപ്പോഴായിരിക്കും എന്നീ കാര്യങ്ങളിൽ ഈ മാസം പത്തിന് തന്നെ വ്യക്തത വന്നേക്കും എന്നാണ് കരുതുന്നത്. 
 
അയോധ്യയിൽ രാമ ക്ഷേത്രം നിർമ്മിക്കും എന്ന് പ്രകടന പത്രികയിൽ വ്യക്തമാക്കിയാണ് ബി ജെ പി അധികാരത്തിലെത്തിയത്. രാമക്ഷേത്ര നിർമ്മാണത്തിൽ ഓർഡിനൻസ് പുറത്തിറക്കാൻ ഹൈന്ദവ  സംഘടനകളിൽനിന്നും ആവശ്യം ഉയരുന്നുണ്ടെങ്കിലും സുപ്രീംകോടതിയുടെ വിധിക്കായി കാത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻ‌പായി അയോധ്യ കേസിൽ വിധിയുണ്ടാകുമോ എന്നാണ് രാഷ്ട്രീയ ലോകം ഏറെ ഉറ്റുനോക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article