മലയാളി യുവതിയുടെ മരണം ജോലി സമ്മര്‍ദ്ദം കൊണ്ടാണെന്ന പരാതിയില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം തുടങ്ങി. പൂണെയിലെ ഇ.വൈ കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്ന അന്ന സെബാസ്റ്റ്യന്‍ ആണ് കഴിഞ്ഞ ജൂലൈ 20 നു ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചത്. ജോലി സമ്മര്‍ദ്ദം മൂലമാണ് മകള്‍ മരിച്ചതെന്ന ആരോപണവുമായി അന്നയുടെ അമ്മ അനിത അഗസ്റ്റിന്‍ രംഗത്തെത്തിയിരുന്നു. ഇ.വൈ. കമ്പനി ചെയര്‍മാന്‍ രാജീവ് മേമാനിക്ക് യുവതിയുടെ അമ്മ എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഈ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയായിരിക്കുന്നത്.
ചൂഷണവും സുരക്ഷിതമല്ലാത്ത ജോലി സാഹചര്യവുമാണോ യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരിശോധിക്കാന്‍ കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ജോലി ഭാരത്തെ തുടര്‍ന്നാണ് യുവതി മരിച്ചതെന്ന ആരോപണങ്ങള്‍ കമ്പനി തള്ളി. ' ഞങ്ങള്‍ക്ക് ഒരു ലക്ഷത്തോളം ജീവനക്കാരുണ്ട്. അന്ന ഞങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് നാല് മാസമേ ആയിട്ടുള്ളൂ. മറ്റു ജീവനക്കാര്‍ക്ക് ഉള്ളതുപോലെയുള്ള ജോലികളേ അന്നയ്ക്കും ചെയ്യാനുള്ളൂ. ജോലിഭാരമാണ് അവരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല,' രാജീവ് മേമാനി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്ന കോര്‍പറേറ്റ് സംസ്‌കാരത്തിന്റെ ഇരയാണ് തന്റെ മകളെന്ന് അന്നയുടെ അമ്മ കമ്പനിക്ക് അയച്ച കത്തില്‍ പറയുന്നു. ജോലിഭാരം കാരണം മകള്‍ക്ക് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും കഴിയാത്ത സാഹചര്യമായിരുന്നു. മരിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് നെഞ്ചുവേദനയുമായി അന്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉറക്കമില്ലായ്മയും സമയം തെറ്റിയുള്ള ഭക്ഷണവുമാണ് കാരണമെന്ന് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതായും കുടുംബം പറയുന്നു. കൊച്ചി സ്വദേശിയായ അന്ന സെബാസ്റ്റ്യന്‍ മാര്‍ച്ചിലാണ് ജോലിയില്‍ പ്രവേശിച്ചത്.