China - Pakistan: 'ഇന്ത്യ പേടിക്കണോ?' ചൈനീസ് മിസൈലുകള്‍ പാക്കിസ്ഥാനു എന്തിനാണ്?

രേണുക വേണു

തിങ്കള്‍, 28 ഏപ്രില്‍ 2025 (16:11 IST)
China - Pakistan: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ വഷളായ ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം കൂടുതല്‍ സങ്കീര്‍ണമാകുന്നു. പാക്കിസ്ഥാനു സഹായവുമായി ചൈന എത്തിയെന്ന വാര്‍ത്തകളാണ് ഇന്ത്യക്ക് തിരിച്ചടിയാകുന്നത്. 
 
അതിര്‍ത്തികളില്‍ യുദ്ധസമാന അന്തരീക്ഷം നിലനില്‍ക്കുന്നതിനിടെയാണ് ചൈന പാക്കിസ്ഥാനു നൂതന മിസൈലുകള്‍ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ ആയുധങ്ങളും ദീര്‍ഘദൂര മിസൈലുകളുമാണു ചൈന വിതരണം ചെയ്തത്. പിഎല്‍ - 15 ദീര്‍ഘദൂര മിസൈലുകളാണ് പാക്കിസ്ഥാനു നല്‍കിയത്. പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനെ പൂര്‍ണമായി തള്ളുന്ന ഒരു നിലപാടെടുക്കാന്‍ ചൈന തയ്യാറായിട്ടില്ല. ഇതും ഇന്ത്യക്ക് ആശങ്കയാണ്. 
 
അതേസമയം നിയന്ത്രണരേഖകളില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. കശ്മീരിലെ പൂഞ്ച്, കുപ്വാര മേഖലകളില്‍ പാക്കിസ്ഥാന്‍ സൈന്യം നിയന്ത്രണരേഖയില്‍ വെടിയുതിര്‍ത്തു. പാക്കിസ്ഥാന്‍ സൈന്യം പ്രകോപനമില്ലാതെ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്ന് ഇന്ത്യന്‍ സൈനിക നേതൃത്വം ആരോപിച്ചു. ഇത് തുടര്‍ച്ചയായി നാലാം ദിവസമാണ് രാത്രിയില്‍ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുന്നത്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വെടിവയ്പ്പിനോടു ഇന്ത്യ അതേ നാണയത്തില്‍ തന്നെ പ്രതികരിക്കുകയും ചെയ്തു. 
 
സ്ഥിതി കൂടുതല്‍ വഷളാക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. സംഘര്‍ഷമുണ്ടായാല്‍ ചൈനയുടെ സഹായം പാക്കിസ്ഥാനു ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചൈനയുടെ സഹായം തേടിയതിനു ശേഷമാണ് പാക്കിസ്ഥാന്‍ ഇന്ത്യയുടെ നിയന്ത്രണരേഖകളില്‍ പ്രകോപനം നടത്തുന്നതെന്നാണ് വിവരം. ഏത് സമയവും എന്തും സംഭവിക്കാവുന്ന ഭീതികരമായ അവസ്ഥയിലാണ് ഇരു രാജ്യങ്ങളുടെ അതിര്‍ത്തികള്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍