അഹമ്മദാബാദ് വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 60 കിലോ സ്വര്‍ണമാണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ ആറുപേരെ അറസ്‌റ്റു ചെയ്‌തു. 16 കോടി രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത സ്വര്‍ണമെന്ന് പോലീസ് അറിയിച്ചു. ദുബായില്‍ നിന്നും എമിറേറ്റ്‌സ് വിമാനത്തിലെത്തിയ മൂന്ന് യാത്രക്കാരും വിമാനത്താവളത്തിനു വെളിയില്‍ ഇവരെ കാത്തു നിന്ന മൂന്ന് സഹായികളുമാണ് പിടിയിലായത്.
ഇവരില്‍ ഒരു സ്‌ത്രീയും ഉള്‍പ്പെടുന്നു. വിമാനത്താവളത്തില്‍ നിന്നും പുറത്തെത്തിയതിനു ശേഷം കാറില്‍ സ്വര്‍ണം കയറ്റുവാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് ഇവരെ പോലീസ് പിടികൂടിയത്. രാജ്യത്തെ വിമാനത്താവളങ്ങളില്‍ നിന്നുമുള്ള ഏറ്റവും വലിയ സ്വര്‍ണവേട്ടയാണ് ഇതെന്ന് പോലീസ് പറഞ്ഞു. ഒരു തവണ സ്വര്‍ണം കടത്തുന്നതിന് ഒരു ലക്ഷം രൂപയും, വിമാന ടിക്കറ്റും, താമസ-യാത്രാ ചെലവുമാണ് പ്രതിഫലമായി ലഭിച്ചിരുന്നതെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു.