കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തുന്ന നിയമന പ്രക്രിയകള്‍ സുതാര്യമായും നീതിപൂര്‍വ്വവും യോഗ്യതയെ അടിസ്ഥാനമാക്കിയുമാണ് നടത്തുന്നതെന്ന് ദേവസ്വം ബോര്‍ഡ്. എന്നാല്‍ ചില അനാവശ്യ വ്യക്തികള്‍ റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ സ്വാധീനം ചെലുത്തി മുന്‍ഗണന നേടിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം പറ്റിക്കാന്‍ ശ്രമിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഈ വിഷയം തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞു.
ഇത്തരം വഞ്ചനാപ്രവര്‍ത്തനങ്ങളില്‍പ്പെടാതെ ഉദ്യോഗാര്‍ഥികള്‍ ജാഗരൂകരാകണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു. റിക്രൂട്ട്‌മെന്റിനായി ഔദ്യോഗികമായി പ്രഖ്യാപിച്ച വഴികള്‍ മാത്രം പിന്തുടരുകയും ഏതെങ്കിലും സംശയാസ്പദമായ പ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യുകയും വേണമെന്നും ബോര്‍ഡ് ഉദ്യോഗാര്‍ഥികളെ ഓര്‍മ്മപ്പെടുത്തി. ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ നടപടി എടുക്കുന്നതിനായി പോലീസിനോ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനോ വിവരം നല്‍കണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.