സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ലക്ഷം തട്ടിയതായി പരാതി

എ കെ ജെ അയ്യർ

ഞായര്‍, 27 ഏപ്രില്‍ 2025 (16:19 IST)
തിരുവനന്തപുരം : സിനിമാ വിതരണ കമ്പനി പ്രതിനിധി ആയി ചമഞ്ഞ് സംസ്ഥാനത്തെ വിവിധ സിനിമാ തിയേറ്ററുകളില്‍ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയില്‍ അഞ്ചല്‍ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. ഈയിടെ റിലീസ് ചെയ്ത  വിരുന്ന് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ നെയ്യാര്‍ ഫിലിംസാണ് പോലീസില്‍ പരാതി നല്‍കിയത്. 
 
കൊല്ലം അഞ്ചല്‍ കോട്ടുക്കല്‍ സ്വദേശി ഷമീമിനെതിരെയാണ് തലസ്ഥാനത്തെ കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്. ചിത്രം പ്രദര്‍ശിപ്പിച്ച 123 ഓളം തിയേറ്റര്‍ ഉടമകളെയാണ് ഇയാള്‍ കബളിപ്പിച്ചതായി പരാതിയുള്ളത്.
 
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത വിരുന്നില്‍ അര്‍ജുന്‍ സര്‍ജ, നിക്കി ഗല്‍റാണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചത്.
 
ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലിക്കായി എത്തിയ ഷമീം സിനിമാ കമ്പനിയുടെ പ്രതിനിധിയായി സ്വയം തിയേറ്റര്‍ ഉടമകളുമായി ബന്ധപ്പെടുകയായിരുന്നു. ഇതിനായി വ്യാജ ലറ്റര്‍ പാഡുകളും ഇന്‍വോയിസും തയ്യാറാക്കിയാണ് പണം സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങിയത് എന്നാണ് പരാതിയില്‍ പറയുന്നത്. സിനിമയുടെ സഹനിര്‍മ്മാതാവായ ശ്രീകാന്ത് സുകുമാറാണ് പോലീസില്‍ പരാതി  നല്‍കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍