സൂര്യമാനസത്തിന് 28 വയസ്, പുട്ടുറുമീസായി മമ്മൂട്ടി തകര്‍ത്താടിയ സിനിമ !

സുബിന്‍ ജോഷി
വ്യാഴം, 2 ഏപ്രില്‍ 2020 (21:24 IST)
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും സൌന്ദര്യമുള്ള നായകനാണ് മമ്മൂട്ടി. വളരെ സ്റ്റൈലിഷായ ഒരുപാട് കഥാപാത്രങ്ങളെയും മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കഥാപാത്രത്തിന്‍റെ പൂര്‍ണതയ്ക്കായി അത്തരം ഗ്ലാമര്‍ പരിവേഷമൊക്കെ മാറ്റിവയ്ക്കാനും മമ്മൂട്ടി തയ്യാറായിട്ടുണ്ട്. അത്തരം സിനിമകളില്‍ പലതും ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്.
 
വിജി തമ്പി ഒരു ചിത്രം മാത്രമാണ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്തിട്ടുള്ളത്. ‘സൂര്യമാനസം’ എന്ന ആ സിനിമ ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നുണ്ട്. അതിന് കാരണം അതില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പ്രത്യേകതയും ആ സിനിമയുടെ സവിശേഷതയുമാണ്. 1992 ഏപ്രില്‍ രണ്ടിനാണ് സൂര്യമാനസം റിലീസായത്. അതായത്, ഈ ഏപ്രില്‍ രണ്ടിന് 28 വര്‍ഷം തികയ്‌ക്കുകയാണ് സൂര്യമാനസം.
 
“മലയാളത്തിലെ ഏറ്റവും ഗ്ലാമറുള്ള നടനാണ് മമ്മൂട്ടി. പക്ഷേ ഞാന്‍ എന്‍റെ സിനിമയായ സൂര്യമാനസത്തില്‍ അദ്ദേഹത്തെ അവതരിപ്പിച്ചത്
ഏറ്റവും വികൃതമായ രീതിയിലാണ്. ആറുവയസുകാരന്‍റെ ബുദ്ധിയായിരുന്നു ആ സിനിമയില്‍ മമ്മൂക്കയ്ക്ക്. മമ്മൂക്ക അഭിനയിച്ച എത്രയോ സിനിമകളുണ്ട്. അവയില്‍ നിന്നൊക്കെ മാറി ഇപ്പോഴും സൂര്യമാനസം ചര്‍ച്ച ചെയ്യപ്പെടുന്നു.
 
ഈയിടെയും മമ്മൂട്ടിയുടെ 10 കഥാപാത്രങ്ങളെ ഒരു വെബ്‌സൈറ്റ് തെരഞ്ഞെടുത്തപ്പോള്‍ അതില്‍ ഒന്ന് സൂര്യമാനസത്തിലെ പുട്ടുറുമീസാണ്. അങ്ങനെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടി തയ്യാറായി എന്നത് വലിയ കാര്യമാണ്. മമ്മൂട്ടിയെ അങ്ങനെ അവതരിപ്പിക്കാന്‍ എനിക്കും പേടിയൊന്നും ഉണ്ടായിരുന്നില്ല” - ഒരു അഭിമുഖത്തില്‍ വിജി തമ്പി പറയുന്നു.
 
സാബ് ജോണ്‍ തിരക്കഥയെഴുതിയ സൂര്യമാനസത്തിന് സന്തോഷ് ശിവനും ജയാനന്‍ വിന്‍സന്‍റും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. സാബു സിറിള്‍ കലാസംവിധാനവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വഹിച്ചു. കീരവാണിയായിരുന്നു സംഗീത സംവിധായകന്‍. പശ്ചാത്തല സംഗീതം എസ് പി വെങ്കിടേഷ്. "തരളിതരാവില്‍ മയങ്ങിയോ സൂര്യമാനസം” എന്ന ഗാനം ഇപ്പോഴും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മമ്മൂട്ടിക്കൊപ്പം രഘുവരന്‍, ഷൌക്കാര്‍ ജാനകി, സിദ്ദിക്ക്, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article