ബിലാല്‍ വരും, ഒരു തടസവുമില്ല; ജോബി ജോര്‍ജ്ജ് പടം നിര്‍മ്മിക്കുന്നില്ല !

അനിരാജ് എ കെ

ചൊവ്വ, 31 മാര്‍ച്ച് 2020 (18:02 IST)
ബിലാല്‍ എന്ന സിനിമയ്‌ക്കായി കേരളം മുഴുവന്‍ കാത്തിരിക്കുന്നുണ്ട്. കള്‍ട്ട് ക്ലാസിക് ചിത്രമായ ‘ബിഗ്‌ബി’യുടെ രണ്ടാം ഭാഗമായ ചിത്രത്തിലെ നായകന്‍ ബിലാല്‍ ജോണ്‍ കുരിശിങ്കലായി മമ്മൂട്ടിയുടെ അവതാരപ്പിറവിക്ക് ഇനി അധികം വൈകില്ല. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ബിലാല്‍’ ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റ്‌സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 
എന്നാല്‍ പിന്നീടാണ് വലിയ റൂമറുകള്‍ പൊട്ടിപ്പുറപ്പെട്ടത്. ‘ബിഗ്ബി’ നിര്‍മ്മിച്ച മരിക്കാര്‍ ഫിലിംസ് ആ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ നിര്‍മ്മാണാവകാശം ആര്‍ക്കും നല്‍കില്ലെന്നും ഗുഡ്‌വില്ലിന് അത് നിര്‍മ്മിക്കാന്‍ കഴിയില്ലെന്നും മറ്റുമായിരുന്നു റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ ബിലാലിന്‍റെ ഷൂട്ടിംഗ് തുടങ്ങാന്‍ ഇനിയുമേറെ വൈകുമെന്നും റൂമറുകള്‍ പരന്നു.
 
പക്ഷേ ഇപ്പോള്‍ മരിക്കാര്‍ ഫിലിംസ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നു, ബിലാല്‍ ഷൂട്ടിംഗ് തുടങ്ങാന്‍ ഒരു തടസവുമില്ല. ചിത്രം നിര്‍മ്മിക്കുന്നത് മരിക്കാര്‍ ഫിലിംസ് തന്നെയാണ്. ബിലാല്‍ ഗുഡ്‌വില്‍ നിര്‍മ്മിക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ വാസ്‌തവമില്ല.
 
അങ്ങനെ മരിക്കാര്‍ ഫിലിംസിന്‍റെ ബാനറില്‍, അമല്‍ നീരദിന്‍റെ സംവിധാനത്തില്‍, ബിലാല്‍ വീണ്ടും കളത്തിലിറങ്ങുമ്പോള്‍ അത് ബോക്‍സോഫീസിലും വലിയ ചലനം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍