ഒരാഴ്ച കൊണ്ട് 279 പേർക്ക് തലയിലെ മുടി മുഴുവൻ നഷ്ടമായി; പിന്നാലെ നഖങ്ങളും തനിയെ കൊഴിയുന്നു

നിഹാരിക കെ.എസ്

വെള്ളി, 18 ഏപ്രില്‍ 2025 (09:20 IST)
മുംബൈ: തലയിൽ ഒരു മുടി പോലും അവശേഷിക്കാത്ത വിധം അസാധാരണ മുടികൊഴിച്ചിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലയിൽ വീണ്ടും ആധി പരത്തി അസ്വാഭാവികമായ ലക്ഷണങ്ങൾ. ഇവിടെയുള്ള ആളുകളുടെ നഖങ്ങളും തനിയെ കൊഴിയുന്നതായി റിപ്പോർട്ട്. മുപ്പതിലധികം പേരുടെ നഖങ്ങളാണ് ഇതുവരെ തനിയെ കൊഴിഞ്ഞുപോവുകയോ പൊടിഞ്ഞുപോവുകയോ ചെയ്തത്. മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലുള്ള നാല് ഗ്രാമങ്ങളിലാണ് ഈ അസ്വാഭാവിക സംഭവം. 
 
ഷെഗാവ് താലൂക്കിലെ നാല് ഗ്രാമങ്ങളിൽ മുപ്പതിലേറെ പേർക്ക് നഖ വൈകല്യം കണ്ടെത്തുകയായിരുന്നു. ബുൽദാനിലെ ഹെൽത്ത് ഓഫീസർ ഡോ. അനിൽ ബങ്കർ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ചിലരുടെ നഖങ്ങൾ പൂർണമായി കൊഴിഞ്ഞുപോയി. അവർക്ക് പ്രാഥമിക ചികിത്സ നൽകി. വിദഗ്ധ പരിശോധന നടത്തുമെന്നും ഹെൽത്ത് ഓഫീസർ പറഞ്ഞു. ആരോഗ്യ ഉദ്യോഗസ്ഥരുടെ ഒരു സംഘം ഗ്രാമങ്ങൾ സന്ദർശിച്ച് ഇക്കാര്യം അന്വേഷിക്കുകയും, വിദഗ്ധ പരിശോധനയ്ക്കായി രക്തസാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. 
 
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായാണ് ആളുകളുടെ നഖം കൊഴിയുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് സർപഞ്ച് റാം തർക്കർ പറഞ്ഞു. ആദ്യ രണ്ട് ദിവസങ്ങളിൽ നഖങ്ങൾ പൊട്ടുകയും പിന്നീട് കൊഴിയുകയും ചെയ്തു. ജില്ലാ ഓഫീസർ, ജില്ലാ ഹെൽത്ത് ഓഫീസർ, ആയുഷ് മന്ത്രി പ്രതാപ് റാവു ജാദവ് എന്നിവരെ വിവരം അറിയിച്ചെന്നും സർപഞ്ച് പറഞ്ഞു. 
 
2024 ഡിസംബർ മുതൽ 2025 ജനുവരി വരെ ഈ ജില്ലയിലെ 279 പേർക്ക് അസാധാരണമായ രീതിയിൽ മുടി കൊഴിച്ചിൽ അനുഭവപ്പെട്ടിരുന്നു. തലമുടി വേരോടെ ഊർന്നുപോകുന്ന അവസ്ഥയായിരുന്നു. മുടി കൊഴിച്ചിൽ ആരംഭിച്ചു കഴിഞ്ഞ് മൂന്നു നാലു ദിവസങ്ങൾക്കുള്ളിൽ തല കഷണ്ടിയാകുന്ന സ്ഥിതി വന്നതോടെ ജനങ്ങൾ പരിഭ്രാന്തരായി. ബുൽദാന ജില്ലയിലെ ബൊർഗാവ്, കൽവാദ്, ഹിൻഗ്ന എന്നീ ഗ്രാമങ്ങളിലായിയിരുന്നു സംഭവം.
 
തലവേദന, പനി, തല ചൊറിച്ചിൽ, ഛർദി, വയറിളക്കം അടക്കമുള്ള ലക്ഷണത്തോടെയായിരുന്നു ഗ്രാമീണരിൽ ഏറിയ പേർക്കും മുടി കൊഴിച്ചിൽ ആരംഭിച്ചത്. ഗോതമ്പിലെ സെലീനിയത്തിൻറെ ഉയർന്ന തോതിലുള്ള സാന്നിധ്യം കാരണമാണ് ഇത് സംഭവിച്ചതെന്ന് പിന്നീട് വ്യക്തമായി. രക്തം, മൂത്രം, മുടി സാംപിൾ പരിശോധനയിൽ സെലീനിയത്തിന്റെ ഉയർന്ന സാന്നിധ്യം സ്ഥിരീകരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍