കുത്തിവയ്‌പ്പെടുത്തതിന് പിന്നാലെ ഉറക്കത്തിലായ കുട്ടി ഉണര്‍ന്നില്ല; ഒന്‍പതുവയസുകാരിയുടെ മരണത്തില്‍ ആലപ്പുഴ സ്വകാര്യ ആശുപത്രിയില്‍ സംഘര്‍ഷം

സിആര്‍ രവിചന്ദ്രന്‍

ശനി, 12 ഏപ്രില്‍ 2025 (16:47 IST)
ആലപ്പുഴ സ്വകാര്യ ആശുപത്രിയില്‍ ഒന്‍പതു വയസ്സുകാരിയുടെ മരണത്തില്‍ സംഘര്‍ഷം. ചേരാവള്ളി ചിറക്കടവ് ലക്ഷ്മി ഭവനത്തില്‍ അജിത്തിന്റെയും ശരണ്യയുടെയും മകള്‍ ആദിലക്ഷ്മി ആണ് മരിച്ചത്. പനിയും വയറുവേദനയും മൂലം വ്യാഴാഴ്ചയാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ സ്‌കാനിങ്ങിലും മറ്റു പരിശോധനകളും കുട്ടിക്ക് കുഴപ്പമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. 
 
പിന്നാലെ ഇന്ന് രാവിലെ കുട്ടിക്ക് കുത്തിവെപ്പ് എടുത്തു. ഇതോടെ കുട്ടി ഉറക്കത്തിലാവുകയും ചെയ്തു. കുട്ടി ഉണരാതെ വന്നതോടെ ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ ബന്ധുക്കള്‍ സംഘര്‍ഷം ഉണ്ടാക്കുകയും ആശുപത്രിയുടെ ജനല്‍ ചില്ലകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. 
 
കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആദിലക്ഷ്മി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍