Lok Sabha Election 2024 Results: 'ഇന്ത്യ' മുന്നണി ദക്ഷിണേന്ത്യ തൂത്തുവാരും, ഉത്തരേന്ത്യയില്‍ വന്‍ കുതിപ്പിനു സാധ്യത; ബിജെപി ക്യാംപുകളില്‍ ആശങ്ക !

WEBDUNIA
വെള്ളി, 31 മെയ് 2024 (08:50 IST)
INDIA Alliance

Lok Sabha Election 2024 Results: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപി ക്യാംപുകളില്‍ ആശങ്ക. വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പ് 400 സീറ്റുകള്‍ നേടി എന്‍ഡിഎ അധികാരത്തിലെത്തുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ വോട്ടെടുപ്പിന്റെ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ബിജെപി ക്യാംപുകളില്‍ നെഞ്ചിടിപ്പ് കൂടിയിരിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന 'ഇന്ത്യ' മുന്നണി ശക്തമായ മുന്നേറ്റം നടത്താന്‍ സാധ്യതയുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. 
 
ദക്ഷിണേന്ത്യയില്‍ ഇന്ത്യ മുന്നണി വന്‍ കുതിപ്പ് നടത്താനാണ് സാധ്യത. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 129 സീറ്റുകളാണ് ഉള്ളത്. ഇതില്‍ 80 ല്‍ അധികം സീറ്റുകള്‍ ഉറപ്പായും ലഭിക്കുമെന്നാണ് ഇന്ത്യ മുന്നണിയുടെ പ്രതീക്ഷ. കഴിഞ്ഞ തവണ ബിജെപി മുന്നേറ്റമുണ്ടാക്കിയ കര്‍ണാടകയില്‍ അടക്കം ഇന്ത്യ മുന്നണിക്കായിരിക്കും ആധിപത്യം. ദക്ഷിണേന്ത്യയില്‍ നിന്ന് 80 മുതല്‍ 100 വരെ സീറ്റുകള്‍ കിട്ടുന്ന സ്ഥിതി വിശേഷമുണ്ടെന്നാണ് ഇന്ത്യ മുന്നണി വിലയിരുത്തുന്നത്. 
 
ഉത്തരേന്ത്യയിലേക്ക് വരുമ്പോഴും ഇന്ത്യ മുന്നണി പൂര്‍ണ ആത്മവിശ്വാസത്തിലാണ്. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കപ്പെടാതെ തങ്ങളിലേക്ക് ഏകീകരിക്കാന്‍ മുന്നണി സംവിധാനത്തിലൂടെ സാധിച്ചിട്ടുണ്ടെന്നാണ് ഇന്ത്യ മുന്നണി വിലയിരുത്തുന്നത്. ഹിന്ദി ഹൃദയ ഭൂമിയായ ഉത്തര്‍പ്രദേശില്‍ 80 സീറ്റുകളാണ് ഉള്ളത്. 2019 ല്‍ 63 സീറ്റുകളും ബിജെപി വിജയിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു ലഭിച്ചത് ഒരു സീറ്റ് മാത്രം. ഇത്തവണ ഉത്തര്‍പ്രദേശിലെ ബിജെപിയുടെ ആധിപത്യം ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് അടക്കമുള്ളവര്‍ പ്രതീക്ഷിക്കുന്നു. 
 
യുപിയില്‍ നിന്ന് 20 മുതല്‍ 30 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് ഇന്ത്യ മുന്നണി പ്രതീക്ഷിക്കുന്നത്. ബിജെപിയുടെ സീറ്റുകള്‍ 63 ല്‍ നിന്ന് 40 ലേക്ക് ചുരുങ്ങും. മഹാരാഷ്ട്രയില്‍ 48 സീറ്റുകളില്‍ 25 എണ്ണവും ബിജെപിക്ക് ഒപ്പമാണ്. ഇത്തവണ ബിജെപിയുടെ സീറ്റുകളുടെ എണ്ണം 20 ആയി ചുരുങ്ങാന്‍ സാധ്യതയുണ്ടെന്നാണ് ഇന്ത്യ മുന്നണി വിലയിരുത്തുന്നത്. മഹാരാഷ്ട്രയില്‍ നിന്ന് 20 നും 25 നും ഇടയില്‍ സീറ്റുകള്‍ ഇന്ത്യ മുന്നണി പ്രതീക്ഷിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഉണ്ടാക്കുന്ന മുന്നേറ്റം തങ്ങളെ അധികാരത്തിലെത്തിക്കുമെന്നാണ് ഇന്ത്യ മുന്നണി പ്രതീക്ഷിക്കുന്നത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article