2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കെ.സുധാകരന്‍ മുഖ്യമന്ത്രി കസേരയ്ക്കു അവകാശവാദം ഉന്നയിക്കുമോ എന്ന ഭയം സതീശനുണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ആധിപത്യം ലഭിച്ചാല്‍ കെപിസിസി അധ്യക്ഷനെ മാറ്റുക എളുപ്പമായിരിക്കില്ല. അതിനാലാണ് തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് തന്നെ സുധാകരനെ നീക്കാന്‍ സതീശന്‍ പിടിവാശി കാണിച്ചത്. പ്രതിപക്ഷ നേതാവായ തനിക്കൊപ്പം ചേര്‍ന്നുപോകാന്‍ സുധാകരനു സാധിക്കുന്നില്ലെന്ന് സതീശന്‍ എഐസിസി നേതൃത്വത്തോടു പലവട്ടം പരാതിപ്പെട്ടു.
കേരളത്തില്‍ നിന്നുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിവരെ സ്വാധീനിച്ചാണ് സതീശന്‍ സുധാകരനെതിരായ നീക്കങ്ങള്‍ നടത്തിയത്. സുധാകരനു ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു പോലും കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ സതീശനു സാധിച്ചു. സമീപകാലത്ത് കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ സുധാകരനോടു കൂടുതല്‍ മമത കാണിക്കാന്‍ തുടങ്ങിയതും സതീശനെ അലോസരപ്പെടുത്തി.
'ജനകീയനല്ലാത്ത' കെപിസിസി അധ്യക്ഷന്‍ എന്ന ഫോര്‍മുല മുന്നോട്ടുവെച്ചതും സതീശനാണ്. ക്രൈസ്തവ സഭയില്‍ നിന്ന് കെപിസിസി അധ്യക്ഷനെ വേണമെന്ന് കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തുക വഴി 'ജനകീയനല്ലാത്ത പ്രസിഡന്റ്' എന്ന ലക്ഷ്യം സതീശന്‍ നിറവേറ്റി. താരതമ്യേന ദുര്‍ബലനായ കെപിസിസി അധ്യക്ഷന്‍ വന്നാല്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ കൂടുതല്‍ ശോഭിക്കാന്‍ സാധിക്കുമെന്നാണ് സതീശന്‍ കരുതുന്നത്.