നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസില്‍ രണ്ട് ഗ്രൂപ്പുകള്‍ സജീവം. മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് പാര്‍ട്ടിയില്‍ പിടിമുറുക്കുന്നത്. ഇതിന്റെ ഭാഗമായാണ് സതീശന്‍ കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് സുധാകരനെ നീക്കാന്‍ ചരടുവലികള്‍ നടത്തിയത്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സുധാകരനും മുഖ്യമന്ത്രി കസേരയ്ക്കായി അവകാശവാദം ഉന്നയിക്കുമോ എന്ന പേടി സതീശനുണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ സാധിച്ചാല്‍ അതിന്റെ ക്രെഡിറ്റ് സുധാകരനും അവകാശപ്പെടും. അങ്ങനെ വന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം സുധാകരനെ അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കുക എളുപ്പമായിരിക്കില്ലെന്ന് സതീശന്‍ മനസിലാക്കി. ഇതേ തുടര്‍ന്നാണ് തിടുക്കപ്പെട്ട നേതൃമാറ്റം.
സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷനാക്കിയതില്‍ കോണ്‍ഗ്രസിലെ പല മുതിര്‍ന്ന നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. പ്രവര്‍ത്തകര്‍ക്കിടയില്‍ സണ്ണി ജോസഫ് ഒട്ടും സ്വീകാര്യനല്ല. ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് തന്നെ ഒരു കെപിസിസി അധ്യക്ഷനെ വേണമായിരുന്നെങ്കില്‍ ആന്റോ ആന്റണിയെയോ ബെന്നി ബെഹനാനെയോ പരിഗണിക്കാമായിരുന്നെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.
തന്നെ തിടുക്കപ്പെട്ട് കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് മാറ്റിയതില്‍ കെ.സുധാകരനും അതൃപ്തനാണ്. വി.ഡി.സതീശന്‍ തനിക്കെതിരെ നീക്കങ്ങള്‍ നടത്തിയെന്ന സംശയം സുധാകരനുണ്ട്. ഈ ടേം കഴിഞ്ഞാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയം പൂര്‍ണമായി അവസാനിപ്പിക്കാനും സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും സുധാകരന്‍ തീരുമാനിച്ചതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
സതീശന്‍ - ചെന്നിത്തല പോരിനായിരിക്കും പാര്‍ട്ടി ഇനി സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നാണ് കോണ്‍ഗ്രസ് രാഷ്ട്രീയം നിരീക്ഷിക്കുന്നവര്‍ വിലയിരുത്തുന്നത്. അതില്‍ സുധാകരന്റെയടക്കം പിന്തുണ ചെന്നിത്തലയ്ക്കുണ്ട്. സതീശനോടു അതൃപ്തിയുള്ള വലിയൊരു വിഭാഗം മുതിര്‍ന്ന നേതാക്കളെ ഒപ്പം നിര്‍ത്താനാണ് ചെന്നിത്തലയുടെ ശ്രമങ്ങള്‍. കെ.മുരളീധരന്‍, ശശി തരൂര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെല്ലാം ചെന്നിത്തലയ്‌ക്കൊപ്പമാണ്. ഇത് പഴയ ഗ്രൂപ്പ് പോരിനു സമാനമായ സാഹചര്യം സൃഷ്ടിക്കുമോയെന്ന ഭയത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.