Narendra Modi: എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ മോദി തന്നെ പ്രധാനമന്ത്രി; അവസാന രണ്ടര വര്‍ഷം അമിത് ഷാ?

രേണുക വേണു

വ്യാഴം, 30 മെയ് 2024 (11:35 IST)
Narendra Modi: എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകും. എന്‍ഡിഎ മുന്നണി ഭൂരിപക്ഷം നേടി വിജയിച്ചാല്‍ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ജൂണ്‍ ഒന്‍പതിനു നടത്താനാണ് ആലോചന. ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ ആയിരിക്കും സത്യപ്രതിജ്ഞ ചടങ്ങ്. സത്യപ്രതിജ്ഞ ചടങ്ങിന് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ജൂണ്‍ നാലിന് തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 
 
കഴിഞ്ഞ രണ്ട് തവണയും പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങ് രാഷ്ട്രപതി ഭവനിലായിരുന്നു. കഴിഞ്ഞ തവണ സത്യപ്രതിജ്ഞ ചടങ്ങില്‍ 8000 അതിഥികള്‍ മാത്രമാണ് പങ്കെടുത്തത്. ഇത്തവണ അതില്‍ കൂടുതല്‍ പേരെ ചടങ്ങിലേക്ക് ക്ഷണിക്കാനാണ് ബിജെപിയുടെ തീരുമാനം. ഈ സാഹചര്യത്തില്‍ കൂടിയാണ് ചടങ്ങ് രാഷ്ട്രപതി ഭവനു പുറത്ത് നടത്താന്‍ ബിജെപി ആലോചിക്കുന്നത്. 
 
വീണ്ടും അധികാരത്തിലെത്തിയാല്‍ മോദി തന്നെ പ്രധാനമന്ത്രി ആകണമെന്നാണ് ബിജെപിക്കുള്ളിലെ പൊതു നിലപാട്. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാന്‍ പറ്റാത്ത സാഹചര്യം വന്നാല്‍ അവസാന രണ്ടര വര്‍ഷത്തേക്ക് പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കും. അമിത് ഷായുടെ പേരിനാണ് പ്രഥമ പരിഗണന. മോദിയുടെ കൂടി അഭിപ്രായം കണക്കിലെടുത്താകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍