കേരളം നനഞ്ഞു കുളിക്കുമ്പോൾ വെന്തുരുകി ഉത്തരേന്ത്യ, താപ നില പലയിടത്തും 50 ഡിഗ്രി കടന്നു, അഞ്ച് സംസ്ഥാനങ്ങളുടെ സ്ഥിതി ഗുരുതരം

അഭിറാം മനോഹർ

ബുധന്‍, 29 മെയ് 2024 (13:46 IST)
കേരളം കടുത്ത പേമാരിയില്‍ നനഞ്ഞു കുളിക്കുമ്പോള്‍ കൊടും ചൂടില്‍ വെന്തുരുകി ഉത്തരേന്ത്യ. ഉഷ്ണതരംഗത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ്,ഹരിയാന,രാജസ്ഥാന്‍,പഞ്ചാബ്,ഡല്‍ഹി എന്നിവിടങ്ങളില്‍ അതിതീവ്രമായ ചൂടാണ് അനുഭവപ്പെടൂന്നത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ചൊവ്വാഴ്ച ഡല്‍ഹിയിലെ രണ്ടിടങ്ങളില്‍ 49.9 ഡിഗ്രി സെല്‍ഷ്യസ് അടയാളപ്പെടുത്തി.സാധാരണ ഈ സമയത്തെ താപനിലയിലും 9 ഡിഗ്രി അധികമാണിത്.
 
ജൂണിലും ഉത്തരേന്ത്യയില്‍ കടുത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. രാജസ്ഥാനിലെ ചുരുവില്‍ ഇന്നലെ താപനില 50.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. സാധാരണയിലും 7.5 ഡിഗ്രി സെല്‍ഷ്യസ് അധികമാണിത്. ഹരിയാനയിലെ സിര്‍സയില്‍ താപനില 50.3 ഡിഗ്രിയും ഹിസാറില്‍ 49.3 ഡിഗ്രിയും രേഖപ്പെടുത്തി. പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ 49.3 ഡിഗ്രിയാണ് താപനില. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ 48.2 ഡിഗ്രി,കാന്‍പൂരില്‍ 47.6 ഡിഗ്രി, വാരണസിയില്‍ 47.6 ഡിഗ്രി താപനിലയും രേഖപ്പെടുത്തിയിട്ടുണ്ട്. മധ്യപ്രദേശിലെ പല പ്രദേശങ്ങളിലും 48ന് മുകളിലാണ് താപനില. രാജസ്ഥാന്‍,പഞ്ചാബ്,ഹരിയാന,ചണ്ഡീഗഡ്,ഡല്‍ഹി,പടീഞ്ഞാറന്‍ ഉത്തര്‍പ്രദേശ് തുടങ്ങിയ പ്രദേശങ്ങളില്‍ അടുത്ത നാല് ദിവസവും റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍