Lok Sabha Election 2024, CPIM: എതിര്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും മുന്‍പ് അഞ്ച് സീറ്റുകള്‍ ഉറപ്പിച്ച് സിപിഎം; പാര്‍ട്ടി വിലയിരുത്തല്‍ ഇങ്ങനെ

WEBDUNIA
വ്യാഴം, 29 ഫെബ്രുവരി 2024 (08:47 IST)
Thomas Issac, KK Shailaja, K Radhakrishnan

Lok Sabha Election 2024, CPIM: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള എതിര്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും മുന്‍പ് വിജയ സാധ്യതയുള്ള മണ്ഡലങ്ങള്‍ വിലയിരുത്തി സിപിഎം. ആകെയുള്ള ഇരുപതില്‍ 15 സീറ്റുകളിലാണ് സിപിഎം ജനവിധി തേടുന്നത്. നാല് സീറ്റില്‍ സിപിഐയും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗവും. മത്സരിക്കുന്ന 15 സീറ്റില്‍ അഞ്ച് സീറ്റിലും 90 ശതമാനം വിജയസാധ്യതയെന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍. നിലവിലെ രാഷ്ട്രീയ സാഹചര്യവും പ്രാദേശിക ഘടകങ്ങളും ഈ അഞ്ച് മണ്ഡലങ്ങളില്‍ തങ്ങള്‍ക്ക് തുണയാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. 
 
പത്തനംതിട്ടയാണ് സിപിഎം ഏറ്റവും വിജയ സാധ്യത കാണുന്ന മണ്ഡലം. മുന്‍ മന്ത്രി ടി.എം.തോമസ് ഐസക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിറ്റിങ് എംപി ആന്റോ ആന്റണി യുഡിഎഫിനായി വീണ്ടും മത്സരിക്കും. 2014 ല്‍ 44,243 വോട്ടുകള്‍ക്കാണ് ആന്റോ ആന്റണി ജയിച്ചത്. ശക്തമായ ഇടത് വിരുദ്ധതയും രാഹുല്‍ ഗാന്ധി ഫാക്ടറും ആഞ്ഞടിച്ചിട്ടും അര ലക്ഷത്തില്‍ താഴെയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ലീഡ്. ഇത്തവണ തോമസ് ഐസക്കിനെ പോലെ പരിചയ സമ്പത്തും നേതൃമികവും ഉള്ള ഒരു നേതാവ് മത്സരിക്കാന്‍ എത്തുമ്പോള്‍ പത്തനംതിട്ടയില്‍ ജയത്തില്‍ കുറഞ്ഞതൊന്നും സിപിഎം സ്വപ്‌നം കാണുന്നില്ല. സിറ്റിങ് എംപി ആന്റോ ആന്റണിയുടെ പ്രവര്‍ത്തനങ്ങളില്‍ വോട്ടര്‍മാര്‍ക്കുള്ള അതൃപ്തിയും എല്‍ഡിഎഫിന് ഗുണം ചെയ്യും. 
 
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പി.കെ.ബിജു ഒന്നര ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് തോറ്റ മണ്ഡലമാണ് ആലത്തൂര്‍. രമ്യ ഹരിദാസാണ് സിറ്റിങ് എംപി. ഇത്തവണയും രമ്യ തന്നെയാണ് യുഡിഎഫിനായി മത്സരിക്കുന്നത്. ശക്തമായ ഇടത് വോട്ട് ബാങ്കുള്ള മണ്ഡലമാണ് ആലത്തൂര്‍. രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗം കൂടിയായ കെ.രാധാകൃഷ്ണനാണ് ആലത്തൂരിലെ സിപിഎം സ്ഥാനാര്‍ഥി. പാര്‍ട്ടി കോട്ട ഇത്തവണ തിരിച്ചുപിടിക്കാമെന്നാണ് സിപിഎം വിലയിരുത്തല്‍. കെ.രാധാകൃഷ്ണനുള്ള ജനസ്വാധീനവും ആലത്തൂരില്‍ വോട്ടാകുമെന്ന് പാര്‍ട്ടി ഉറച്ച് വിശ്വസിക്കുന്നു. 
 
2014 ല്‍ 38,247 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിച്ച ആറ്റിങ്ങല്‍ മണ്ഡലത്തിലും 90 ശതമാനം വിജയസാധ്യതയെന്നാണ് സിപിഎം വിലയിരുത്തല്‍. വി.ജോയ് ആണ് ആറ്റിങ്ങലിലെ ഇടത് സ്ഥാനാര്‍ഥി. അടിമുടി പാര്‍ട്ടിക്കാരനായ വി.ജോയ് മത്സരിക്കുമ്പോള്‍ കേഡര്‍ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യപ്പെടുമെന്നും സിറ്റിങ് എംപിയായ അടൂര്‍ പ്രകാശിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുള്ള വോട്ടര്‍മാര്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും സിപിഎം വിലയിരുത്തുന്നു. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വലിയ ജനസ്വാധീനമുള്ള നേതാവാണ് വി.ജോയ്. 
 
വടകര ലോക്‌സഭാ മണ്ഡലത്തിലും സിപിഎം പ്രതീക്ഷ വയ്ക്കുന്നു. മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിറ്റിങ് എംപി കെ.മുരളീധരന്‍ യുഡിഎഫിനായി വീണ്ടും മത്സരിക്കും. 2014 ല്‍ 84,663 വോട്ടുകള്‍ക്കാണ് മുരളീധരന്‍ ജയിച്ചത്. വടകര ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ആറും എല്‍ഡിഎഫിനൊപ്പമാണ്. സിപിഎമ്മിന് ശക്തമായ വോട്ട് ബാങ്കുള്ള ലോക്‌സഭാ മണ്ഡലം. അതിനൊപ്പം കെ.കെ.ശൈലജയുടെ വരവ് കൂടിയാകുമ്പോള്‍ വടകര ഉറപ്പായും ജയിക്കുമെന്ന് സിപിഎം നേതൃത്വം വിലയിരുത്തുന്നു. 
 
കാസര്‍ഗോഡ് ലോക്‌സഭാ സീറ്റിലും സിപിഎം വലിയ വിജയപ്രതീക്ഷയാണ് പുലര്‍ത്തുന്നത്. 2014 ലെ തിരഞ്ഞെടുപ്പില്‍ 40,438 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിജയിച്ചത്. ഇത്തവണയും രാജ്‌മോഹന്‍ തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ആകെയുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ച് സീറ്റും സിപിഎമ്മിന്റെ കൈയിലാണ്. എം.വി.ബാലകൃഷ്ണന്‍ മാസ്റ്ററാണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മണ്ഡലത്തിനു ഏറെ സുപരിചിതനാണ് ബാലകൃഷ്ണന്‍ മാസ്റ്റര്‍. എംപി എന്ന നിലയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രവര്‍ത്തനങ്ങള്‍ അത്ര മികച്ചതല്ല എന്ന അഭിപ്രായം വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ട്. ഈ ഘടകങ്ങളെല്ലാം കാസര്‍ഗോഡ് ഗുണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article