യുവതി മരിച്ച വിവരം അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയറ്ററില്‍ ഇരുന്ന് സിനിമ കാണല്‍ തുടര്‍ന്നു; തെളിവുകളുമായി പൊലീസ്

രേണുക വേണു

തിങ്കള്‍, 23 ഡിസം‌ബര്‍ 2024 (08:23 IST)
പുഷ്പ 2 പ്രീമിയറിനിടെ യുവതി മരിച്ച സംഭവത്തില്‍ സൂപ്പര്‍താരം അല്ലു അര്‍ജുനെതിരെ തെളിവുണ്ടെന്ന് തെലങ്കാന പൊലീസ്. തിക്കിലും തിരക്കിലും ലാത്തിച്ചാര്‍ജ് ഉണ്ടായെന്നും യുവതി മരിച്ച കാര്യം അപ്പോള്‍ തന്നെ അല്ലു അര്‍ജുനെ അറിയിച്ചെന്നും പൊലീസ് പറയുന്നു. യുവതിയുടെ മരണവിവരം അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയറ്ററില്‍ ഇരുന്ന് സിനിമ കാണല്‍ തുടര്‍ന്നു. സംഭവം നടന്ന സന്ധ്യ തിയറ്ററിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. 
 
തിക്കും തിരക്കും വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉടന്‍ മടങ്ങണമെന്ന് താരത്തോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിനിമ കഴിഞ്ഞിട്ട് മടങ്ങാമെന്ന നിലപാടിലായിരുന്നു താരം. പിന്നീട് ഡിജിപി എത്തി 10 മിനിറ്റിനുള്ളില്‍ മടങ്ങണമെന്നും വഴിയൊരുക്കി തരാമെന്നും പറഞ്ഞതോടെയാണ് അല്ലു മടങ്ങാന്‍ തയ്യാറായതെന്നും എസ്.പി രമേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുറത്തിറങ്ങുമ്പോള്‍ ആളുകളെ കാണരുതെന്ന നിര്‍ദേശം താരത്തിനു നല്‍കിയിരുന്നു. എന്നാല്‍ അത് അനുസരിച്ചില്ലെന്നും പൊലീസ് പറഞ്ഞു. 
 
യുവതി മരിച്ച വിവരം താന്‍ അറിഞ്ഞത് പിറ്റേദിവസം ആണെന്നാണ് അല്ലു അര്‍ജുന്‍ നേരത്തെ മാധ്യമങ്ങളോടു പറഞ്ഞത്. എന്നാല്‍ ദുരന്തത്തിനു പിന്നാലെ ഇക്കാര്യങ്ങളെല്ലാം അല്ലു അര്‍ജുന്‍ അറിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മാത്രമല്ല ദുരന്തത്തിനു ശേഷവും നടന്‍ കാണികളെ അഭിവാദ്യം ചെയ്താണ് തിയറ്ററില്‍ നിന്ന് മടങ്ങിയത്. സിസിടിവി ദൃശ്യങ്ങള്‍ ഇതിനു തെളിവുണ്ട്. 
 
പുഷ്പ 2 റിലീസിന്റെ തലേന്ന് ഹൈദരബാദിലെ സന്ധ്യ തിയറ്ററിലാണ് സംഭവം ഉണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 39 വയസ്സുകാരി രേവതി മരിച്ചു. ഇവരുടെ മകന്‍ ശ്രീ തേജ (9) അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായും ആശുപത്രി അധികൃതര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍