2009 മുതല്‍ തുടര്‍ച്ചയായി മൂന്ന് ടേം പൊന്നാനിയെ പ്രതിനിധീകരിച്ച ലോക്സഭാംഗമാണ് ഇ.ടി.മുഹമ്മദ് ബഷീര്‍. 2019 ല്‍ 1,93,273 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എന്നിട്ടും ഇ.ടി. പൊന്നാനി ഉപേക്ഷിച്ചത് എന്തുകൊണ്ടാണെന്ന സംശയം ലീഗ് അണികളുടെ മനസ്സിലുണ്ട്. ലീഗിന് പൊന്നാനിയില്‍ ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളി നേരിട്ടത് 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ്. വി.അബ്ദുറഹ്‌മാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എത്തിയപ്പോള്‍ ലീഗ് വോട്ടുകളില്‍ വിള്ളലുണ്ടായി. അപ്പോള്‍ പോലും ഇ.ടി.മുഹമ്മദ് ബഷീര്‍ ജയിച്ചത് 25,410 വോട്ടുകള്‍ക്കാണ്. അങ്ങനെയൊരു മണ്ഡലത്തില്‍ സീറ്റ് വച്ചുമാറ്റത്തിന്റെ ആവശ്യം എന്താണെന്ന് ചോദ്യം ഉയര്‍ന്നിട്ടുണ്ട്.
2014 ല്‍ കോണ്‍ഗ്രസ് വിട്ടു എല്‍ഡിഎഫിലേക്ക് എത്തിയ അബ്ദുറഹ്‌മാന്‍ ആയിരുന്നെങ്കില്‍ ഇത്തവണ പൊന്നാനിയില്‍ ലീഗിന്റെ ഭീഷണി ലീഗ് ബന്ധം ഉപേക്ഷിച്ചു എല്‍ഡിഎഫിലേക്ക് എത്തിയ കെ.എസ്.ഹംസയാണ്. അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഹംസ മത്സരിക്കുന്നത്. പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്ന ഹംസയ്‌ക്കെതിരെ പാര്‍ട്ടി നേതൃത്വം നടപടിയെടുത്തത്. അച്ചടക്ക ലംഘനത്തിനു ഹംസയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇടതുപക്ഷ വോട്ടുകള്‍ക്ക് പുറമേ ലീഗില്‍ നിന്നുള്ള വോട്ടുകളും തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷ ഹംസയ്ക്കുണ്ട്, ലീഗ് വോട്ട് ബാങ്കില്‍ വിള്ളലുണ്ടായാല്‍ അത് പൊന്നാനിയില്‍ തിരിച്ചടിയായേക്കാം എന്ന ഭയം ഇ.ടി.മുഹമ്മദ് ബഷീറിനും !
പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. ഇതില്‍ തൃത്താല, തവനൂര്‍, താനൂര്‍, പൊന്നാനി മണ്ഡലങ്ങള്‍ എല്‍ഡിഎഫിന്റെ കൈയിലാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച രാഷ്ട്രീയ പോരാട്ടമാണ് പൊന്നാനിയിലെ നിയമസഭാ മണ്ഡലങ്ങളില്‍ കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ വേണമെന്ന് വച്ചാല്‍ പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ അത്ഭുതം സൃഷ്ടിക്കാന്‍ എല്‍ഡിഎഫിനും സിപിഎമ്മിനും സാധിക്കുമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ ഭയക്കുന്നുണ്ട്. ഇക്കാരണത്താല്‍ കൂടിയാണ് കൂടുതല്‍ സുരക്ഷിതമായ മലപ്പുറം മണ്ഡലത്തിലേക്ക് ഇ.ടി. മാറിയത്.